'സമരം ചെയ്ത കര്‍ഷകരുടെ വോട്ടും ബിജെപിക്ക് കിട്ടി': യുപി ബിജെപി അധ്യക്ഷൻ സ്വതന്ത്രദേവ് സിംഗ്

'സമരം ചെയ്ത കര്‍ഷകരുടെ വോട്ടും ബിജെപിക്ക് കിട്ടി': യുപി ബിജെപി അധ്യക്ഷൻ സ്വതന്ത്രദേവ് സിംഗ്

ലഖ്നൌ: സമരം ചെയ്ത കര്‍ഷകരുടെ വോട്ടും യുപിയില്‍ (Uttar Pradesh) ബിജെപിക്ക് (BJP) കിട്ടിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങ്. തുടർഭരണം കിട്ടാന്‍ സർക്കാരിന്‍റെ ജനക്ഷേമപദ്ധതികളും നിർണായക പങ്കുവഹിച്ചു. ഇത്തവണ കിട്ടാതെ പോയ സീറ്റുകള്‍ തിരിച്ച് പിടിക്കാന്‍ കഠിനാധ്വാനം ചെയ്യുമെന്നും മന്ത്രിസഭ രൂപികരണം കേന്ദ്ര നിര്‍ദേശത്തിന് അനുസരിച്ചാകുമെന്നും സ്വതന്ത്രദേവ് സിങ് ഏഷ്യാനെറ്റ് ന്യൂസിനോട് പറ‌ഞ്ഞു.

പാവപ്പെട്ടവര്‍ക്ക് വേണ്ടി യോഗി ആദിത്യനാഥനും മോദിയും സത്യസന്ധമായി പ്രവർത്തിച്ചു. ഇടനിലക്കാരില്ലാതെ എല്ലാ പദ്ധതികളുടെയും ഗുണഫലം അഴിമതി ഇല്ലാതെ നേരിട്ട് ആളുകളില്‍ എത്തിക്കാനായി. യോഗിയിലും മോദിയിലും ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടായിരുന്നു. എല്ലാ വിഭാഗങ്ങളുടെയും  പിന്തുണ നേടാനായത് കൊണ്ട് ഭൂരിപക്ഷം ലഭിച്ചു.കര്‍ഷകര്‍ സമരം നടത്തി. എന്നാല്‍ മോദിയും യോഗിയും കര്‍ഷകർ ഉയർത്തിയ പ്രശ്നങ്ങള്‍ പരിഹരിച്ചു. ക‍ര്‍ഷകർക്കായി നിരവധി പദ്ധതികളും നടപ്പാക്കി. അതിനാല്‍ മോദിയേയും യോഗിയേയും തെരഞ്ഞെടുപ്പില്‍ കർഷകരും പിന്തുണച്ചു.

രണ്ടാം യോഗി സർക്കാരിന്‍റെ സത്യപ്രതിജ്ഞ സംബന്ധിച്ച് കേന്ദ്ര നേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്. ഞങ്ങള്‍ പ്രവര്‍ത്തകരാണ്. കേന്ദ്രം തരുന്ന നിര്‍‍ദേശം അനുസരിച്ച് പ്രവർത്തിക്കും. രണ്ടാം സർക്കാരില്‍ ഒരുപാട് പുതുമുഖങ്ങള്‍ ഉണ്ടാകുമോ എന്നതില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഇക്കാര്യത്തിലും കേന്ദ്രമാണ് തീരുമാനിക്കേണ്ടതെന്നും സ്വതന്ത്രദേവ് സിങ് പറഞ്ഞു.

കഴിഞ്ഞ തവണ ബിജെപി അധ്യക്ഷന്‍ ഉപമുഖ്യമന്ത്രിയായി ഇത്തവണയും അങ്ങനയൊന്ന് ഉണ്ടാകുമോ എന്ന ചോദ്യത്തിന് ചുമതലക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് കടമയെന്നും പ്രതീക്ഷ വച്ച് പ്രവര്‍ത്തിക്കരുത്. നിരവധി പേരുടെ അധ്വാനമാണ് പാര്‍ട്ടിയെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ഭരണത്തിന് ജനങ്ങളുടെ അംഗീകാരം കിട്ടി. നഷ്ടമായ സീറ്റുകള്‍ വീണ്ടെടുക്കാന്‍ നന്നായി പ്രവർത്തിക്കുമെന്നും സ്വതന്ത്രദേവ് സിങ് കൂട്ടിച്ചേര്‍ത്തു.