RSS ഗുണ്ടാവിളയാട്ടം ഒരു കുടുംബത്തിന്റെ കണ്ണുനീർ കൂടെ വീഴ്ത്തി : തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ കുത്തിക്കൊന്നു

RSS ഗുണ്ടാവിളയാട്ടം ഒരു കുടുംബത്തിന്റെ കണ്ണുനീർ കൂടെ വീഴ്ത്തി : തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ കുത്തിക്കൊന്നു

പത്തനംതിട്ട: തിരുവല്ലയിൽ സിപിഎം പ്രാദേശിക നേതാവിനെ കുത്തിക്കൊന്നു. പെരിങ്ങര സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ പഞ്ചായത്ത് അംഗവുമായ പി.ബി.സന്ദീപ് കുമാറിനെയാണ് (32) കുത്തിക്കൊന്നത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ബൈക്കിൽ എത്തിയ മൂന്നംഗ സംഘമാണ് സന്ദീപിനെ ആക്രമിച്ചതെന്നാണ് വിവരം. ഗുരുതരമായ പരിക്കുകളോടെ സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപസമയത്തിനകം മരണം സ്ഥിരീകരിച്ചു. ചാത്തങ്കരിയിലെ വഴിയിൽ കലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ അക്രമി സംഘം ബൈക്കിലെത്തി വെട്ടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. സന്ദീപിൻ്റെ വലത് നെഞ്ചിൽ ആഴത്തിലുള്ള രണ്ട് കുത്തേറ്റിരുന്നുവെന്നാണ് അറിയുന്നത്.

സന്ദീപിൻ്റെ കൊലപാതകം വലിയ ഞെട്ടലുണ്ടാക്കുന്ന വാർത്തയാണെന്ന് സിപിഎം തിരുവല്ല ഏരിയ സെക്രട്ടറി ഫ്രാൻസിസ് ആൻ്റണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വൈകിട്ട് അഞ്ച് മണി വരെ പാർട്ടി സമ്മേളനങ്ങളുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട് സന്ദീപ് ഏരിയ കമ്മിറ്റി ഓഫീസിലുണ്ടായിരുന്നു. ആക്രമത്തിൽ ആഴത്തിലുള്ള മുറിവാണ് സന്ദീപിന് ഏറ്റത്. ഇതൊരു ആസൂത്രിതമായ കൊലപാതകമാണ് എന്നാണ് സംശയിക്കുന്നത്. നിരവധി തവണ സന്ദീപിന്  കുത്തേറ്റിട്ടുണ്ട്. 

തിരുവല്ല മേഖലയിൽ പാർട്ടിയുടെ ഏറ്റവും പ്രായം കുറഞ്ഞ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. വളരെ ജനകീയനായ അദ്ദേഹത്തെ ഐക്യകണ്ഠേനയാണ് ലോക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുത്തത്. അദ്ദേഹം താമസിക്കുന്ന മേഖല നേരത്തെ ബിജെപി- ആർഎസ്എസ് സ്വാധീന മേഖലയായിരുന്നു. എന്നാൽ സന്ദീപിൻ്റെ നേതൃത്വത്തിലുള്ള പ്രവർത്തനത്തിൽ പാർട്ടി അവിടെ ശക്തിപ്പെട്ടിരുന്നു. മുൻകാലങ്ങളിൽ അവിടെ ചെറിയ രാഷ്ട്രീയസംഘർഷങ്ങൾ നിലനിന്നിരുന്നു എന്നാൽ സമീപകാലത്തൊന്നും അവിടെ ഒരു തരത്തിലുള്ള സംഘർഷങ്ങളും ഉണ്ടായതായി അറിയില്ലെന്നും ഫ്രാൻസിസ് ആൻ്റണി പറഞ്ഞു. 

കഴിഞ്ഞ കുറച്ചു ദിവസമായി പെരിങ്ങര മേഖലയിൽ ആർഎസ്എസ് - സിപിഎം ചില സംഘർഷങ്ങൾ നിലനിന്നിരുന്നു എന്ന സൂചന ലഭിക്കുന്നുണ്ട്. കൊലയ്ക്ക് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം പ്രാദേശിക നേതൃത്വം ആരോപിക്കുന്നു. മുൻകാലത്ത് കാര്യമായ രാഷ്ട്രീയ സംഘർഷങ്ങളൊന്നും ഇല്ലാതിരുന്ന സ്ഥലമായിരുന്നു ഇതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകവിവരം പുറത്തു വന്നതിന് പിന്നാലെ സ്ഥലത്തേക്ക് കൂടുതൽ പൊലീസ് എത്തിയിട്ടുണ്ട്.