ഗുരുവായൂരപ്പന്‍റെ 'ഥാർ'; ഇടപെട്ട് ഹൈക്കോടതി, ലേലം വിശദാംശങ്ങള്‍ ഹാജരാക്കാന്‍ നിർദ്ദേശം

കൊച്ചി: ഗുരുവായൂ‍ർ ക്ഷേത്രത്തിൽ മഹീന്ദ്രാ കമ്പനി വഴിപാടായി നൽകിയ ഥാർ (Mahnidra  Thar) ജീപ്പ് ലേലം ചെയ്ത നടപടി ചോദ്യം ചെയ്ത് ഹിന്ദു സേവാ കേന്ദ്രം നൽകിയ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി. ജീപ്പിന്‍റെ ലേല വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ഗുരുവായൂർ ദേവസ്വം ബോർഡിന് നിര്‍ദേശം നൽകി. ജീപ്പിന്‍റെ വില അടക്കമുള്ള വിവരങ്ങള്‍ അറിയിക്കണമെന്നാണ് കോടതി നിർദ്ദേശം. ഹർജി ഹൈക്കോടതി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി.

15 ലക്ഷം രൂപ അടിസ്ഥാന വിലയായി നിശ്ചയിച്ച് നടത്തിയ ലേലത്തിൽ പതിനഞ്ച് ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് എറണാകുളം സ്വദേശിയായ അമൽ മുഹമ്മദാലി വാഹനം സ്വന്തമാക്കിയത്. ഡിസംബ‍ർ 18ന് നടന്ന ലേലത്തിൽ ഒരാൾ മാത്രമാണ് പങ്കെടുത്തത്. ദേവസ്വം ബോർഡ് പിന്നീട് യോഗം ചേർന്ന് അംഗീകാരം നൽകി ദേവസ്വം കമ്മീഷറുടെ അനുമതിക്കായി അയച്ചു. എന്നാൽ അയ്യായിരം രൂപയിൽ കൂടുതലുളള ഏതു വസ്തു വിൽക്കണമെങ്കിലും ദേവസ്വം കമ്മീഷണറുടെ മുൻകൂ‍ർ അനുമതി തേടണമെന്ന വ്യവസ്ഥ ലംഘിച്ചെന്നാണ് ഹ‍ർജിയിലെ ആരോപണം.