കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ അന്തേവാസി കൊല്ലപ്പെട്ട സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ അന്തേവാസി കൊല്ലപ്പെട്ട സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ അന്തേവാസിയായ യുവതി കൊല്ലപ്പെട്ട
സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.  മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ഇന്ന് മാനസികാരോഗ്യ കേന്ദ്രം സന്ദർശിക്കും.

കഴുത്തിൽ മുറുകെ പിടിച്ച് ശ്വാസം മുട്ടിച്ചതാണ് യുവതി മരിക്കാൻ കാരണമെന്ന് പോസ്റ്റ്‌മോർട്ടം പരിശോധനയിൽ വ്യക്തമായി. കൊലയാളിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ തന്നെയുള്ളയാളാണ്. പ്രതിയുടെ മാനസികാരോഗ്യ നില പരിശോധിച്ച ശേഷമാകും തുടർ നടപടികൾ.  മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരോട് കൂടിയാലോചിച്ച ശേഷമായിരിക്കും അറസ്റ്റ് നടപടികൾ ഉണ്ടാകുകയെന്ന് കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആമോസ് മാമൻ ഇന്നലെ പറഞ്ഞിരുന്നു. സംഭവത്തിൽ ആരോഗ്യവകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എഡിഎംഒ ഡോ പിയൂഷ് നമ്പൂതിരിക്കാണ് അന്വേഷണ ചുമതല.

മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ടിനെ കഴിഞ്ഞ ദിവസം ആശുപത്രിയിലെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ അഞ്ചരയോടെ സെല്ലിൽ ഭക്ഷണം വിതരണം ചെയ്യാനെത്തിയ ജീവനക്കാരാണ് ജിയറാം ജിലോട്ടിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ ദിവസം വൈകിട്ട് ഈ സെല്ലിലെ അന്തേവാസികൾ തമ്മിൽ അടിപിടിയുണ്ടായിരുന്നതായി ആശുപത്രി അധികൃതർ പറയുന്നു. ഭർത്താവിനെ തേടി തലശ്ശേരിയിൽ എത്തിയ ജിയറാം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ ജനുവരി 28നാണ് പൊലീസ് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.

ജിയറാമിന്റെ ശരീരത്തിൽ മുഴുവൻ മർദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. തലയുടെ പിൻവശത്ത് അടിയേറ്റാൽ ഉണ്ടാകുന്നതിന് സമാനമായ മുഴയും കണ്ടെത്തിയിരുന്നു. ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്ന നിലയിലായിരുന്നു മൃതദേഹം. ഇടതു കൈയിൽ തലമുടി മുറുകെ പിടിച്ചതിന്റെ അടയാളവും മുടിയുമുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയത്.