ദിലീപിന്‍റെ മൊബൈല്‍ സർവീസ് ചെയ്ത യുവാവ് കാറപകടത്തില്‍ മരിച്ചു; ദുരൂഹത, പുനരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ

ദിലീപിന്‍റെ മൊബൈല്‍ സർവീസ് ചെയ്ത യുവാവ് കാറപകടത്തില്‍ മരിച്ചു; ദുരൂഹത, പുനരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ

കൊച്ചി: നടന്‍ ദിലീപിന്‍റെ മൊബൈല്‍ ഫോണുകള്‍ സർവീസ് ചെയ്തിരുന്ന യുവാവ് കാറപകടത്തില്‍ മരിച്ചതിനെക്കുറിച്ച് പുനരന്വേഷണം ആവശ്യപ്പെട്ട് യുവാവിന്‍റെ ബന്ധുക്കൾ. 2020 ഓഗസ്റ്റ് 30 നാണ് കൊടകര സ്വദേശി സലീഷ് എന്ന യുവാവ് അങ്കമാലി ടെല്‍ക്കിന് സമീപം ഉണ്ടായ റോഡപടകത്തിലാണ് മരിച്ചത്. കാർ റോഡരികിലെ തൂണിൽ ഇടിച്ചായിരുന്നു അപകടം. സലീഷ് കൊച്ചിയിൽ മൊബൈൽ സർവീസ് കട നത്തിയിരുന്നു. ദിലീപിന്‍റെ ഫോണുകൾ സർവീസ് ചെയ്തിരുന്നത് സലീഷാണ്. മരണത്തിന് പിന്നില്‍ ദുരൂഹതകളുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര ഉള്‍പ്പെടെ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ അങ്കമാലി പൊലീസിന് പരാതി നല്‍കിയത്.

ഇതിനിടെ, ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട ഏഴ് മൊബൈല്‍ ഫോണുകളില്‍ ആറെണ്ണം ദിലീപ് അടക്കമുള്ള പ്രതികള്‍ ഹൈക്കോടതിക്ക് കൈമാറി. ദിലീപിന്‍റെ മൂന്നും സഹോദരന്‍റെ രണ്ടും ബന്ധു അപ്പു എന്ന കൃഷ്ണപ്രസാദിന്‍റെ ഒരു ഫോണുമാണ് കോടതിക്ക് ഹാജരാക്കിയത്. ഈ ഫോണുകള്‍ ഫോറന്‍സ്റ്റിക് പരിശോധനയ്ക്ക് അയക്കുന്നത് സംബന്ധിച്ച് ഉച്ചയ്ക്ക് ഹൈക്കോടതി തീരുമാനമെടുക്കും. ക്രൈംബ്രാ‍ഞ്ച് ആവശ്യപ്പെട്ട നാലാമത്തെ ഫോണ്‍ താന്‍ ഉപയോഗിക്കുന്നതല്ലെന്നാണ് ദീലീപിന്‍റെ നിലപാടെങ്കിലും ഈ ഫോണ്‍ ഉപയോഗിച്ചിരുന്നതിന്‍റെ തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

കേരളത്തിലെ പൊലീസിന് കീഴിലുള്ള ഏജന്‍സികളില്‍ ഫോണ്‍ പരിശോധനയ്ക്ക് വിടരുതെന്നാണ് ദിലീപിന്‍റെ ആവശ്യം. ഫോണില്‍ കൃത്രിമം നടത്തുമെന്നാണ് ദിലീപിന്‍റെ വാദം. എന്നാല്‍ ഫോണ്‍ എവിടെ പരിശോധിക്കണമെന്ന് തീരുമാനിക്കാന്‍ പ്രതിക്ക് അവകാശമില്ലെന്ന് പ്രോസിക്യൂഷനും ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ അക്രഡിറ്റേഷനുള്ള  ഏജന്‍സികളില്‍ മാത്രമേ പരിശോധിക്കാന്‍ കഴിയൂ എന്ന് കഴിഞ്ഞ സിറ്റിംഗിനെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതേസമയം ദിലീപ് ഉപയോഗിച്ചതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ നാലാമത്തെ ഫോണ്‍ സംബന്ധിച്ച ചിത്രം വ്യക്തമായിട്ടില്ല. ഫോണി‍ന്‍റെ ഇ എം ഐ ഇ നമ്പര്‍ സഹിതം അന്വേഷണ സംഘം ഹൈക്കോടതിക്ക് കൈമാറിയിരുന്നു.  തനിക്ക് ഇങ്ങിനെയൊരു ഫോണില്ലെന്നാണ് ദിലീപിന്‍റെ വാദം. എന്നാല്‍, ഇത് കളവാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

ദിലീപ് ഉള്‍പ്പെടെ എല്ലാ പ്രതികളും ഉപോയഗിച്ചിരുന്ന ഫോണുകളുടെയും സിം നമ്പറുകളുടെയും വിവരങ്ങല്‍ അന്വേഷണ സംഘം നേരത്തെ തന്നെ ശേഖരിച്ചിരുന്നു. ദിലീപ് ഇല്ലെന്ന് പറയുന്ന നാലാമത്തെ ഫോണില്‍ ദിലീപിന്റെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ചിട്ടുണ്ട്. അഞ്ച് ദിവസം ഈ ഫോണ്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ ശേഖരിച്ചു കഴിഞ്ഞെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഒന്നില്‍ കൂടുതല്‍ സിം കാര്‍ഡുകള്‍ ഈ ഫോണില്‍ ഉപയോഗിച്ചിരിക്കാമെന്നും അന്വേഷണ സംഘം കരുതുന്നു. ഈ ഫോണിനെക്കുറിച്ച് ലഭ്യമായ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിക്കും.