'ചിലരുടെ താളത്തിനൊത്ത് തുള്ളുകയാണോ ?' : വിജിലൻസ് ഡയറക്ടറായിരുന്ന സുധേഷ് കുമാറിനെ അതിരൂക്ഷമായി വിമർശിച്ച് കോടതി

'ചിലരുടെ താളത്തിനൊത്ത് തുള്ളുകയാണോ ?' : വിജിലൻസ് ഡയറക്ടറായിരുന്ന സുധേഷ് കുമാറിനെ അതിരൂക്ഷമായി വിമർശിച്ച് കോടതി

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടറായിരുന്ന (former vigilance director) സുധേഷ് കുമാറിനെ അതിരൂക്ഷമായി വിമർശിച്ച് തിരുവനന്തപുരം വിജിലൻസ് കോടതി (Thiruvananthapuram vigilance court) . അഴിമതിക്കാരെ സംരക്ഷിക്കാൻ വിജിലൻസ് ഡയറക്ടർ തിരശീലക്ക് പിന്നിലെ ചിലരുടെ താളത്തിനൊത്ത് തുള്ളുകയാണെന്ന് കോടതി കുറ്റപ്പെടുത്തി. കൈക്കൂലി വാങ്ങിയതിന് വിജിലൻസ് കൈയോടെ പിടികൂടിയ സർക്കാർ ഡോക്ടറെ രക്ഷിക്കാനുള്ള റിപ്പോർട്ട് തള്ളിയാണ് കോടതിയുടെ പരാമർശം.

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് അടൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മകന്‍റെ തുടർ ചികിത്സാക്കായി അമ്മയിൽ നിന്നും പണം വാങ്ങുന്നതിനിടെയാണ് എല്ലു രോഗവിഭാഗത്തിലെ ഡോ.ജീവ് ജൂസ്റ്റസിനെ വിജിലൻസ് കൈയോടെ പിടികൂടിയത്. ഡ്യൂട്ടി സമയത്ത് ആശുപത്രിയിലുണ്ടാകേണ്ട ഡോക്ടർ വീട്ടിൽ വച്ച് 4000 രൂപ വാങ്ങുമ്പോഴാണ് വിജിലൻസ് അറസ്റ്റ് ചെയ്യുന്നത്. കേസിന്‍റെ തുടക്കം മുതൽ അട്ടിമറി നടന്നു. ഡോക്ടർ ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്ന് വരുത്തിതീ‍ക്കാനായി ഡ്യൂട്ടി രജിസ്റ്ററിൽ തിരുത്തൽ വരുത്തി. 

അടൂർ സർക്കാർ ആസുപത്രിയിലെ ആർ.എം.ഒ ഡോ.നിഷാദ്, ജൂനിയർ കണ്‍സൾട്ടായി ഡോ.ധന്യ എന്നിവർ ചേർന്നാണ് ഡ്യൂട്ടി രജിസ്റ്റർ തിരുത്തിയതെന്നും വിജിലൻസ് കണ്ടെത്തി. കൈക്കൂലി കാരനായ ഡോക്ടർക്ക് ജാമ്യം ലഭിക്കാനും കേസ് അട്ടിമറിക്കാനുമായിരുന്നു രേകകള്‍ കൃത്രിമം കാണിച്ചതെന്നാണ് പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തൽ. 

കൈക്കൂലി വാങ്ങിയ ഡോക്ടക്കെതിരെ കുറ്റപത്രം സമർപ്പിക്കാനും മറ്റ് രണ്ട് ഡോക്ടർമാർക്കെതിരെ വകുപ്പ്തല നടപടിയുമായിരുന്നു വിജിലൻസിന് ലഭിച്ച് നിയമപദേശം. ഇതിന്‍റെ അടിസ്ഥാനത്തിൽ മുൻ വിജിലൻസ് ഡയറക്ർ സുധേഷ് കുമാറിന് അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകി. എന്നാൽ കൈക്കൂലി വാങ്ങിയ ഡോക്ടറെ ഉള്‍പ്പെടെ കേസിൽ നിന്നും ഒഴിവാക്കി വകുപ്പ്തല അന്വേഷണത്തിലൊതുക്കാനായിരുന്നു വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശം. അതായത് വിജിലൻസ് കൊടുത്തയച്ച അടയാളപ്പെടുത്തിയ നോട്ടു വാങ്ങിപ്പോൾ കൈയോടെ പിടികൂടിയ ഡോക്ടറെയും സഹായിച്ചവരെയും കോടതി നടപടികളിൽ നിന്നും ഒഴിവാക്കാൻ വിജിലൻസ് ഡയറക്ടർ തന്നെ നിർദ്ദേശം നൽകി. 

ഡയറക്ടറുടെ നടപടി ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ കോടതി തുടരന്വേഷണം നടത്താൻ നിർദ്ദേശം നൽകി. കർട്ടന് പിന്നിലുള്ള ഏതോ ശക്തിക്കുവേണ്ടി വിജിലൻസ് അന്വേഷണം അട്ടിമറിക്കാനും ഡയറക്ടറും അന്വേഷണ സംഘവും ശ്രമിക്കുകയാണെന്ന് കോടതി വിമർശിച്ചു.അഴിമതിക്കാരെ സംരക്ഷിക്കാൻ അഴിമതി വിരുദ്ധ ഏഝൻസിതന്നെ കൂട്ടു നിൽക്കുന്നതായിരുന്നു വിജിലൻസ് റിപ്പോർട്ട്. 

നിയമോപദേശങ്ങളുണ്ടെങ്കിലും അതു മറികടന്ന് അന്വേഷണ ഉദ്യോഗസ്ഥർക്കും ഡയറക്ടക്കും സ്വന്തമായി തീരുമാനമെടുക്കാമെന്ന് മുൻ വിജിലൻസ് ഡയറ്ക്ടർ അസ്താന സർക്കുലർ ഇറക്കിയിരുന്നു. ഇത് അഴിമതിക്കേസുകള്‍ അട്ടിമറിക്കാനിടയാക്കമെന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.കോടതി രൂക്ഷവിമർ‍ശനം ഉയർത്തിയ റിപ്പോർട്ട് നൽകിയതും നിയമപദേശം അട്ടിമറിച്ചാണെന്നതും മറ്റൊരു വസ്തുകയാണ്.