മുൻ മിസ് കേരളയടക്കം കൊല്ലപ്പെട്ട വാഹനാപകടം; കാര്‍ ഡ്രൈവര്‍ അബ്ദുറഹ്മാനെ ഇന്ന് ചോദ്യം ചെയ്യും

മുൻ മിസ് കേരളയടക്കം കൊല്ലപ്പെട്ട വാഹനാപകടം; കാര്‍ ഡ്രൈവര്‍ അബ്ദുറഹ്മാനെ ഇന്ന് ചോദ്യം ചെയ്യും

ഔഡി കാറില്‍ പിന്തുടര്‍ന്ന യുവാവിനെതിരെയും കേസെടുത്തേക്കും.

കൊച്ചി: എറണാകുളത്ത് മുന്‍ മിസ് കേരള (Ansi Kabeer)ഉള്‍പ്പെടെ മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ കാര്‍ ഡ്രൈവര്‍ അബ്ദുറഹ്മാനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. എറണാകുളം സിജെഎം കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്.

മത്സരയോട്ടമാണ് അപകടത്തിലേക്ക് നയിച്ചത് എന്ന നിഗമനത്തിലാണ് പൊലീസ്. ഔഡി കാറില്‍ പിന്തുടര്‍ന്ന യുവാവിനെതിരെയും കേസെടുത്തേക്കും. അപകടത്തിൽപ്പെട്ട വാഹനത്തെ മറ്റൊരു വാഹനം പിന്തുടര്‍ന്നതാണ് അപകടകാരണമെന്നാണ് ഡ്രൈവര്‍ അബ്ദുൽ റഹ്‌മാൻ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ അപകടവുമായി ബന്ധപ്പെട്ട് വ്യക്തത ലഭിക്കൂ.

ഹോട്ടലിൽനിന്ന് ഒരു ഓഡി (Audi) കാർ പിന്തുടര്‍ന്നതായാണ് മൊഴി. ഇത് ഉറപ്പിക്കാവുന്ന വിഡിയോ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കാറുകളുടെ മത്സരയോട്ടം നടന്നോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇവര്‍ ഹോട്ടലില്‍നിന്നു മടങ്ങുമ്പോള്‍ കുണ്ടന്നൂരില്‍വച്ച് മറ്റൊരു വാഹനത്തിന്റെ ഡ്രൈവറുമായി തര്‍ക്കമുണ്ടായെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇക്കാര്യങ്ങള്‍ പരിശോധിച്ചു വരുന്നതായാണ് പൊലീസ് വിശദീകരണം.