അഞ്ച് മാസമുള്ള കുഞ്ഞിനെ ട്രെയിനില്‍ മറന്നു വച്ചു; സമയോചിതമായി ഇടപെട്ട് റെയില്‍വേ അധികാരികള്‍

അഞ്ച് മാസമുള്ള കുഞ്ഞിനെ ട്രെയിനില്‍ മറന്നു വച്ചു; സമയോചിതമായി ഇടപെട്ട് റെയില്‍വേ അധികാരികള്‍

ട്രെയിന്‍ യാത്രയില്‍ പലരും പലതും മറന്നു വയ്ക്കുന്നത് വാര്‍ത്തയാവാറുണ്ട്. യാത്രയ്ക്കായി തയാറാക്കിയ പൊതിക്കെട്ടുകളില്‍ തുടങ്ങി പണവും അമൂല്യവസ്തുക്കളും നഷ്‌ടപ്പെട്ടവരും, ഭാഗ്യം കൊണ്ട് അത് തിരികെ ലഭിച്ചവരും അക്കൂട്ടത്തില്‍പ്പെടും. എന്നാല്‍ ഇതില്‍ നിന്നുമെല്ലാം വിചിത്രമായ ഒരു സംഭവം ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്.

മുംബൈയിലെ ലോക്മാന്യ തിലക് ടെര്‍മിനസില്‍ റെയില്‍‌വേ പോലീസ് സേനയിലെ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലില്‍ അഞ്ച് മാസം പ്രായമുള്ള കൈക്കുഞ്ഞ് സ്വന്തം കുടുംബത്തിലേക്ക് മടങ്ങി. ജൂലൈ 28 ന് ഉച്ചയ്ക്ക് 12.50ന് ബനാറസ്-മുംബൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന്റെ സ്ലീപ്പര്‍ കോച്ചിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കുഞ്ഞിനു ചുറ്റും ആരുമുണ്ടായിരുന്നില്ല, അതിനുശേഷം ഒരു വനിതാ ഉദ്യോഗസ്ഥ കുഞ്ഞിന്റെ ചുമതലയേറ്റു. കോച്ചിലെ റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ പരിശോധിച്ച റെയില്‍വേ അധികൃതര്‍ പെണ്‍കുട്ടിയെ കണ്ടെത്തിയ സീറ്റ് നളസോപാറ നിവാസിയായ ശിവനാരായണ്‍ ഗൗതം റിസര്‍വ് ചെയ്തതായി കണ്ടെത്തി. പെണ്‍കുട്ടി തന്റെ കൊച്ചുമകള്‍ ആണെന്നും, കുഞ്ഞിനെക്കൂടാതെ രോഗിയായ ഭാര്യ, രണ്ട് മക്കള്‍ എന്നിവരോടൊപ്പം മുംബൈയിലേക്ക് പോയെന്നും ഗൗതം ആര്‍പിഎഫ് അധികൃതരോട് പറഞ്ഞു.

ട്രെയിനില്‍ നിന്നും ഇറങ്ങാനുള്ള തിരക്കില്‍ അദ്ദേഹം ട്രെയിനില്‍ കുഞ്ഞിനെ മറന്നു. വീട്ടുകാര്‍ അക്കാര്യം തിരിച്ചറിഞ്ഞപ്പോഴേക്കും ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടിരുന്നു. കുഞ്ഞിന്റെ അമ്മ മരിച്ചുവെന്ന് ഗൗതം പറഞ്ഞു. കുഞ്ഞിനെ കുടുംബത്തിന് കൈമാറുന്നതിന് മുമ്ബ് ഉദ്യോഗസ്ഥര്‍ കുടുംബത്തിന്റെ ഐഡന്റിറ്റി കാര്‍ഡ് പരിശോധിച്ചു.

റെയില്‍‌വേ ഉദ്യോഗസ്ഥരുടെ പെട്ടെന്നുള്ള പ്രതികരണം നിമിത്തം യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തിയ മറ്റൊരു സംഭവമാണിത്. ഈ വര്‍ഷം ഏപ്രിലില്‍ സെന്‍ട്രല്‍ റെയില്‍വേയില്‍ (മുംബൈ ഡിവിഷന്‍) ഉള്ള ഒരു പോയിന്റ്മാന്‍ ട്രെയിന്‍ സ്റ്റേഷന് സമീപം വരുന്നതിന് മുമ്ബ് ട്രാക്കുകളില്‍ വീണുപോയ കുട്ടിയുടെ ജീവന്‍ രക്ഷിച്ചിരുന്നു. ഒട്ടേറെ പ്രശംസ പിടിച്ചുപറ്റിയ ഈ കൃത്യം പ്ലാറ്റ്‌ഫോമിലെ സിസിടിവി ക്യാമറയില്‍ പതിയുകയും പിന്നീട് ഓണ്‍ലൈനില്‍ പങ്കിടുകയും ചെയ്തു.

ക്ലിപ്പില്‍ ഒരു സ്ത്രീയും കുട്ടിയും പ്ലാറ്റ്‌ഫോമിന്റെ അരികിലേക്ക് നടക്കുന്നത് കാണിച്ചു. കുട്ടി അമ്മയുടെ കയ്യില്‍ നിന്നും തെറിച്ച്‌ ട്രാക്കില്‍ വീഴുന്നു. സഹായത്തിനായി അമ്മ നിലവിളിക്കുന്നതും, അതിനുശേഷം റെയില്‍വേ ജീവനക്കാരന്‍ ട്രാക്കില്‍ ഓടുന്നതും കുട്ടിയെ പാഞ്ഞുവരുന്ന ട്രെയിനിന്റെ മുന്നില്‍ നിന്നും രക്ഷപ്പെടുത്തുന്നതും കാണുന്നു.

ഇയാളുടെ ഈ ധീരമായ പ്രവര്‍ത്തനത്തിന് റെയില്‍‌വേ മന്ത്രാലയത്തിന്റെ പ്രശംസയും ലഭിച്ചു.