തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ 308 വാര്‍ഡുകള്‍ നേടി ബിജെപി

ചെന്നൈ: തമിഴ്നാട് നഗര തദ്ദേശ തെരഞ്ഞെടുപ്പില്‍ (Tamil Nadu Urban Local Body Election)  ഒറ്റയ്ക്ക് മത്സരിച്ച ബിജെപിക്ക് 308 വാർഡുകളിൽ വിജയം ലഭിച്ചു. സംസ്ഥാനത്തെ മൂന്നാമത്തെ വലിയ രാഷ്ട്രീയ പാർട്ടിയായി ബിജെപി (BJP) മാറിയെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ പ്രസ്താവിച്ചു. ബിജെപിയുടെ നേട്ടം പാർട്ടി പ്രവർത്തകരുടെ മനോവീര്യം വർദ്ധിപ്പിക്കുന്നുവെന്ന് മുതിർന്ന നേതാക്കളിലൊരാളായ ആർ ശ്രീനിവാസൻ പറഞ്ഞു.

ഇതുവരെ ബിജെപി വിജയിക്കാത്ത കടലൂർ, വെല്ലൂർ, മധുരൈ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പാര്‍ട്ടിക്ക് പ്രാതിനിധ്യം ലഭിച്ചു കഴിഞ്ഞുവെന്ന് ബിജെപി അവകാശപ്പെട്ടു. പലയിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയതായും അണ്ണാമലൈ ചെന്നൈയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോയമ്പത്തൂരിൽ ബിജെപി 15 ശതമാനം വോട്ട് നേടിയെന്നും അണ്ണാമലൈ അവകാശപ്പെട്ടു.

ചെന്നൈയിൽ മുപ്പതോളം വാർഡുകളിൽ ബിജെപി സ്ഥാനാർഥികൾ രണ്ടാം സ്ഥാനത്തെത്തിയതായും അണ്ണാമലൈ അവകാശപ്പെട്ടു. എഐഎഡിഎംകെയുമായുള്ള ബിജെപി സഖ്യം 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തുടരുമെന്നും അദ്ദേഹം ആവർത്തിച്ചു. ഈ തെരഞ്ഞെടുപ്പിൽ ഡിഎംകെ കൊങ്ങു മേഖലയിൽ വിജയിച്ചതുകൊണ്ടുമാത്രം അത് അവരുടെ ആധിപത്യമായി കാണേണ്ടതില്ലെന്നാണ് അണ്ണാമലൈ പറയുന്നത്.

2011 ലെ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച ബിജെപിക്ക് ടൗൺ പഞ്ചായത്തുകളിൽ 2.2 % സീറ്റുകളിലാണ് വിജയം നേടാനായത്. ഇത്തവണ ഇത് 3.01 % ആയി ഉയർത്താനായി. മുനിസ്സിപാലിറ്റികളിൽ 1 ശതമാനത്തിൽ നിന്ന് 1.45 % ആയി. കോർപറേഷനുകളിൽ 0.5% ത്തിൽ നിന്ന് 1.67 %ആയി വർധിച്ചു. 2011ൽ ആകെ 1.76 ശതമാനം വാർഡുകളിൽ വിജയം നേടാനായപ്പോൾ ഇത്തവണ ഇത് 2.4 ശതമാനമായി. 2011ൽ ആകെയുള്ള 12,816 സീറ്റുകളിൽ 226 ഇടത്താണ് ബിജെപിക്ക് ജയിക്കാനായത്. ഇത്തവണ ആകെയുള്ള 12,838 വാർഡുകളിൽ 308ല്‍ വിജയിക്കാനായി.

കന്യാകുമാരിയിലാണ് ബിജെപി മികച്ച വിജയം നേടിയത്. ബിജെപി ആകെ നേടിയ 308 വാർഡുകളിൽ 200 എണ്ണം കന്യാകുമാരി ജില്ലയിലാണ്. എഐഎഡിഎംകെയുമായി വേർപിരിഞ്ഞ് ഒറ്റക്ക് മത്സരിച്ച ബിജെപിക്ക് 10 ജില്ലകളിൽ ഒരു പ്രതിനിധി പോലും ഇല്ല. 230 ടൗൺ പഞ്ചായത്ത് വാർഡുകളിലും 56 മുനിസ്സിപ്പാലിറ്റി വാർഡുകളിലും 22 കോർപറേഷൻ വാർഡുകളിലുമാണ് ബിജെപി സ്ഥാനാർഥികൾ വിജയിച്ചത്.

ദ്രാവിഡ പാർട്ടികളേക്കാൾ ദേശീയ കക്ഷികൾക്ക് സ്വാധീനമുള്ള ജില്ലയാണ് കന്യാകുമാരി. മുമ്പ് നേടിയതില്‍ നിന്നും ഇരട്ടിയോളം സീറ്റുകള്‍നേടിയാണ് ബിജെപി മികച്ച നേട്ടം കൈവരിച്ചത്. മികച്ച നേട്ടം കൈവരിച്ചതിന് ബിജെപി സംസ്ഥാന സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയെ പ്രധാനമന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. 

തദ്ദേശ തെരഞ്ഞെടുപ്പിൽ (Local body election) മികച്ച നേട്ടവുമായി ഡിഎംകെ മുന്നണി. ഡിഎംകെയുടെ (DMK) നേതൃത്വത്തിലുള്ള മുന്നണി നേടിയത് രാഷ്ട്രീയ വിദഗ്ധരെ അമ്പരപ്പിക്കുന്ന വിജയമാണ്. സംസ്ഥാനത്തെ 21 കോർപ്പറേഷനുകളിലും മിക്കവാറും എല്ലാ മുനിസിപ്പാലിറ്റികളിലും ടൗൺ പഞ്ചായത്തുകളിലും ഭരണമുന്നണി അധികാരത്തിലെത്തി. 

മുതിർന്ന നേതാക്കളായ ഒ. പന്നീർശെൽവം, എടപ്പാടി പളനിസ്വാമി തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ വലിയ പ്രചാരണത്തിനും എഐഎഡിഎംകെയെ രക്ഷിക്കാനായില്ല. 1996ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് അണ്ണാഡിഎംകെയുടേത്. കേരളത്തിൽ വേരുള്ള സിപിഎം, മുസ്‌ലിംലീഗ്, സിപിഐ കക്ഷികൾക്കും തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്താനായി. 166, 41, 58 സീറ്റുകളാണ്  യഥാക്രമം കക്ഷികൾക്ക് ലഭിച്ചത്. ഡിഎംകെ മുന്നണിക്ക് കീഴിലാണ് മൂന്നു കക്ഷികളും മത്സരിച്ചത്. എസ്ഡിപിഐക്ക് 22 സീറ്റു ലഭിച്ചു.

ചെറു കക്ഷികളായ പിഎംകെ, നാം തമിലർ കച്ചി, കമൽ ഹാസന്റെ മക്കൾ നീതി മയ്യം, വിജയകാന്തിന്റെ ഡിഎംഡികെ, ടിടിവി ദിനകരന്റെ എഎംഎംകെ തുടങ്ങിയ കക്ഷികൾക്കൊന്നും നേട്ടമുണ്ടാക്കാനായില്ല. ഒമ്പത് മാസം പ്രായമായ ഡിഎംകെ സർക്കാറിന്റെ വിലയിരുത്തൽ കൂടിയായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ്. 200 വാർഡുകളുള്ള ഗ്രേറ്റർ ചെന്നൈ കോർപറേഷൻ കൗൺസിലും ഡിഎംകെ പിടിച്ചെടുത്തു.