നിർഭയയായ ഉദ്യോ​ഗസ്ഥ; 22ാം വയസ്സിൽ സിവിൽ സർവ്വീസ് നേടിയ സ്വാതി മീന ഐഎഎസ്

നിർഭയയായ ഉദ്യോ​ഗസ്ഥ; 22ാം വയസ്സിൽ സിവിൽ സർവ്വീസ് നേടിയ സ്വാതി മീന ഐഎഎസ്

യുപിഎസ്‌സി (യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ) (Union Public Service Commission) പരീക്ഷ നേടുക എന്നത് പലരുടെയും സ്വപ്നമാണ്, എന്നാൽ കുറച്ച് പേർക്ക് മാത്രമേ അത് നേടാനാകൂ. (Civil Service Examination) സിവിൽ സർവീസ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളിൽ നിന്ന് 0.2% ഉദ്യോഗാർത്ഥികൾ മാത്രമാണ് ഒടുവിൽ തിരഞ്ഞെടുക്കപ്പെടുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ സിവിൽ സർവ്വീസ് നേടുന്നവരുമുണ്ട്. 22ാമത്തെ വയസ്സിലാണ് സ്വാതി മീന (Swati Meena) എന്ന പെൺകുട്ടി ഐഎഎസ് നേടുന്നത്. അവരുടെ ബാച്ചിലെ ഏറ്റവും പ്രായം കുറഞ്ഞ ഉദ്യോ​ഗസ്ഥയായിരുന്നു സ്വാതി മീന. രാജസ്ഥാൻ സ്വദേശിയായ സ്വാതി വിദ്യാഭ്യാസം നേടിയത് അജ്മീറിൽ നിന്നാണ്.

സ്വാതിയെ ഡോക്ടറാക്കണമെന്നായിരുന്നു അമ്മയുടെ ആ​ഗ്രഹം. ഡോക്ടറാകുന്ന കാര്യത്തിൽ തനിക്കും എതിർപ്പൊന്നും ഇല്ലായിരുന്നു എന്ന് സ്വാതി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ സ്വാതി എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് അമ്മയുടെ ഒരു ബന്ധു സിവിൽ സർവ്വീസ് ഉദ്യോ​ഗസ്ഥനായി. അവരെ സന്ദർശിച്ചതിന് ശേഷം സ്വാതിയുടെ പിതാവ് വളരെ സന്തോഷവാനായി കാണപ്പെട്ടു. അച്ഛന്റെ സന്തോഷം കണ്ടപ്പോൾ യുപിഎസ്‍സി പരീക്ഷയെക്കുറിച്ച് സ്വാതി കൂടുതൽ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. ഒരു സിവിൽ സർവ്വീസ് ഉദ്യോ​ഗാസ്ഥയാകണമെന്ന് സ്വാതി തീരുമാനിച്ചു. സ്വാതിയുടെ തീരുമാനത്തെ അച്ഛൻ പിന്തുണച്ചു. യുപിഎസ്‍സി പഠനത്തിനാവശ്യമായ എല്ലാ പിന്തുണയും നൽകി കൂടെ നിന്നത് അച്ഛനാണ്.  2007-ൽ നടന്ന UPSC പരീക്ഷയിൽ സ്വാതി അഖിലേന്ത്യാ തലത്തിൽ 260ാം റാങ്ക് കരസ്ഥമാക്കി. ആ ബാച്ചിലെ ഏറ്റവും പ്രായം കുറഞ്ഞ IAS ഉദ്യോ​ഗസ്ഥ ആയിരുന്നു അവർ. ഇതിനുശേഷം അവർക്ക് മധ്യപ്രദേശ് കേഡറിൽ ജോലി ലഭിച്ചു.

ഭയമില്ലാത്ത, ഉദ്യോഗസ്ഥയായാണ്  സ്വാതി മീന ഐഎഎസ് അറിയപ്പെടുന്നത്. സ്വാതിയെ മധ്യപ്രദേശിലെ മണ്ഡ്‌ലയിൽ നിയമിച്ചപ്പോൾ വൻതോതിൽ ഖനന മാഫിയ ഉണ്ടായിരുന്നു. ഈ ഖനന മാഫിയകൾക്കെതിരെ മീന അവിടെ വന്നപ്പോൾ തന്നെ കാമ്പയിൻ തുടങ്ങി. കളക്ടറായി എത്തിയപ്പോൾ ഖനന മാഫിയയ്‌ക്കെതിരെ വിവിധ വകുപ്പുകളിൽ നിന്ന്  നിരവധി പരാതികൾ ലഭിച്ചതായി അവർ പറയുന്നു. ഈ പരാതികളുടെയെല്ലാം അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.