ഒഡെപെക് മുഖേന പരിശീലനം പൂർത്തിയാക്കിയ നഴ്‌സുമാർ ബെൽജിയത്തിലേക്ക്

ഒഡെപെക് മുഖേന പരിശീലനം പൂർത്തിയാക്കിയ നഴ്‌സുമാർ ബെൽജിയത്തിലേക്ക്

തിരുവനന്തപുരം:  കേരള സർക്കാർ സ്ഥാപനമായ (ODPEC) ഒഡെപെക് മുഖേനയുള്ള അറോറ പദ്ധതി വഴി പരിശീലനം പൂർത്തിയാക്കിയ  നഴ്‌സുമാർക്കുള്ള (Nurses) വിസയുടെയും വിമാന ടിക്കറ്റുകളുടെയും വിതരണം  പൊതുവിദ്യാഭ്യാസ തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. പരിശീലനം പൂർത്തിയാക്കിയ 22 നഴ്‌സുമാർ ബെൽജിയത്തിലേക്കാണ് യാത്രയാകുന്നത്. നിരവധി ട്രൈനിംഗ് പ്രോഗ്രാമുകളാണ് ഒഡെപെക് ഉദ്യോഗാർഥികൾക്കായി നടത്തി വരുന്നത്. കഴിഞ്ഞ നാൽപ്പതിലതികം വർഷങ്ങളായി വിശ്വസ്തവും സുതാര്യവുമായ പ്രവർത്തനങ്ങളാണ്  ഒഡെപെക് നടത്തി വരുന്നതെന്ന് മന്ത്രി പറഞ്ഞു. 

സർക്കാർ നിഷ്‌ക്കർഷിക്കുന്ന സർവീസ് ചാർജ്ജ് മാത്രമാണ് ഇവരിൽ നിന്നും ഈടാക്കിയിട്ടുള്ളത്. അറോറ പദ്ധതിയിലൂടെ തിരഞ്ഞെടുത്ത 22 നഴ്‌സുമാർക്കും ആറ് മാസ്‌ക്കാലയളവിൽ ബയോ ബബിൾ മാതൃകയിൽ ലൂർദ് ആശുപത്രിയുടെ നേതൃത്വത്തിൽ പഠന സൗകര്യം ഒരുക്കിയിരുന്നു. കേരളത്തിന്റെ പേര് ഉയർത്തിക്കാണിക്കുവാനും തൊഴിൽ മേഖലകളിൽ ഉന്നത നിലവാരം കൈവരിക്കുവാനും ഇവർക്ക് സാധിക്കട്ടെയെന്ന് മന്ത്രി ആശംസിച്ചു.