കുട്ടികളെ ഇറക്കിവിട്ട് ജപ്തി; വിഷയം ദില്ലിയിലെത്തിച്ച് കോണ്‍ഗ്രസ്,ലോക്സഭയില്‍ നോട്ടീസ് നല്‍കി കൊടിക്കുന്നില്‍

കുട്ടികളെ ഇറക്കിവിട്ട് ജപ്തി; വിഷയം ദില്ലിയിലെത്തിച്ച് കോണ്‍ഗ്രസ്,ലോക്സഭയില്‍ നോട്ടീസ് നല്‍കി കൊടിക്കുന്നില്‍

ദില്ലി: മൂവാറ്റുപുഴയില്‍ കുട്ടികളെ ഇറക്കിവിട്ട് വീട്  ജപ്തി ചെയ്ത സംഭവം പാര്‍ലമെന്‍റില്‍. കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് ആണ് വിഷയത്തില്‍ ലോക്സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മനുഷ്യത്വരഹിതമായി സർഫാസി ആക്ട് നടപ്പാക്കുന്നത് തടയണമെന്നുള്ളതാണ് പ്രധാന ആവശ്യം. സഹകരണ ബാങ്കുകളിലെ പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പയില്‍ മാത്രമേ സർഫാസി ആക്ട് അനുവദിക്കാവൂ എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.

ഗൃഹനാഥന്‍ രോഗശയ്യയിൽ കിടക്കുമ്പോള്‍ കുഞ്ഞുങ്ങളെ പുറത്താക്കി വീട് ജപ്തി ചെയ്യപ്പെട്ട നടപടി കേരളത്തിന്‍റെ മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. ഇനി ഇത്തരമൊരു അവസ്ഥ മറ്റാരും നേരിടരുതെന്നാണ് മൂവാറ്റുപുഴയിൽ ജപ്തി നടപടി നേരിട്ട അജേഷ് പ്രതികരിച്ചത്.. വിവരമറിഞ്ഞ് ആശുപത്രിക്കിടക്കയിൽ താൻ ഏറെ ബുദ്ധിമുട്ടിയെന്ന് അജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഹൃദ്രോഗ ചികിത്സയ്ക്കുൾപ്പെടെ പണം കണ്ടെത്താനാവാതെ പകച്ചു നിൽകുകയാണ് അജേഷിന്റെ കുടുംബം.

നാലാമതും ഹൃദയാഘാതം വന്ന ശേഷം ഏറെ അവശത അനുഭവിക്കുന്ന അജേഷ് ചികിത്സക്കിടയിലാണ് മൂവാറ്റുപുഴ അർബൻ ബാങ്ക് അധികൃതർ വീട്ടിൽ ജപ്തി നടപടിക്കെത്തിയ വിവരം അറിയുന്നത്. ഭാര്യ മ‍ഞ്ജു വിവരങ്ങൾ അപ്പപ്പോൾ ധരിപ്പിച്ചു. വീട്ടിൽ അച്ഛനും അമ്മയും ഇല്ലെന്ന് കുഞ്ഞുങ്ങൾ അധികൃതരോട് പറ‍ഞ്ഞെന്നും പക്ഷേ ഫലമുണ്ടായില്ലെന്നും അജേഷ് പറ‍ഞ്ഞു. തനിക്ക് ഫോണിലൂടെ കാര്യങ്ങൾ ചെയ്യാൻ പരിമിതി ഉണ്ടായിരുന്നു.

നേരത്തെ തന്നെ ബാങ്ക് സിഇഒ ഉൾപ്പെടെയുള്ളവരോട് കാര്യം വ്യക്തമാക്കിയതാണെന്നും അജേഷ് പറഞ്ഞു. നാല് പൊന്നോമനകളാണുള്ളത്. ഇവരുടെ പഠിപ്പിന് പണം കണ്ടെത്തണം. ഹൃദ്രോഗ ചികിത്സയ്ക്കും ചിലവേറെയാണെന്നും വേദനയോടെ അജേഷ് പറഞ്ഞു.  ബ്ലോക്ക് പ‍ഞ്ചായത്തിന്‍റെ സഹായത്തോടെ പിഴക്കാപ്പിള്ളിയിൽ നിർമ്മിച്ചു തുടങ്ങിയ വീട് പാതി വഴിയിലാണ്. ഇത് പൂർത്തിയാക്കാനും പണം വേണം. രോഗം കാരണം സ്റ്റുഡിയോ നടത്തിപ്പും നിന്നു.

സഹോദരങ്ങൾ ഉണ്ടെങ്കിലും ആർക്കും സഹായിക്കാവുന്ന സാമ്പത്തിക സ്ഥിതിയില്ല. ലോൺ തിരിച്ചടയക്കണമെന്ന് തന്നെയാണ് കരുതുന്നതെന്ന് ആവർത്തിക്കുന്ന അജേഷ് ഇപ്പോൾ ചികിത്സക്കുൾപ്പെടെ സുമമനസ്സുകളുടെ സഹായം തേടുകയാണ്. ഇതിനിടെ മൂവാറ്റുപുഴയിൽ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ചു വീട്ടുകാരെ അകത്തു കയറ്റിയ സംഭവത്തിൽ വിശദീകരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ രംഗത്ത് വന്നിരുന്നു.  

ബാങ്കിന്റേത് നിയമവിരുദ്ധപ്രവർത്തനമാണെന്ന് എംഎൽഎ ആരോപിച്ചു. താൻ രാഷ്ട്രീയം കളിച്ചിട്ടില്ല. മനസാക്ഷിയുള്ളത് കൊണ്ടാണ് പൂട്ട് പൊളിച്ചത്. ആ കുടുംബത്തിന്റെ ബാധ്യത താൻ ഏറ്റെടുക്കുമെന്നും എംഎൽഎ പറഞ്ഞു. എംഎൽഎയുടെ നടപടിക്ക് എതിരെ അർബൻ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിയ്ക്കൽ (Gopi Kottamurikkal) രം​ഗത്തെത്തിയിരുന്നു. എം എൽ എയ്ക്ക് ബാങ്ക് അധികൃതരെ ബന്ധപ്പെട്ടാൽ പ്രശ്നം രമ്യമായി പരിഹരിക്കാൻ കഴിയുമായിരുന്നു. 

കുട്ടികളെ  ഇറക്കിവിട്ട് വീട് ജപ്തി നടത്തി എന്ന ആരോപണം ശരിയല്ലെന്നും ഗോപി കോട്ടമുറിയ്ക്കൽ പറഞ്ഞു. എന്നാൽ, ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കലിനെ വിളിച്ചിരുന്നു എന്നും ബാങ്ക് എന്ത് നിയമനടപടി സ്വീകരിച്ചാലും നേരിടുമെന്നുമാണ് ഇപ്പോൾ എംഎൽഎ പ്രതികരിച്ചിരിക്കുന്നത്. വീടിന്റെ  ആധാരം ബാങ്കിൽ നിന്നും വീണ്ടെടുത്തു കൊടുക്കും. അതിന് ഏത് അറ്റം വരെയും പോകും. വിഷയം കെപിസിസിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. അജേഷിന്റെ ചികിത്സാ ചെലവ് കൂടി ഏറ്റെടുക്കും. കുട്ടികൾക്ക് ഉണ്ടായ മാനസിക സംഘർഷത്തിന് ആര് ഉത്തരം പറയും. പൂട്ട് പൊളിച്ചതിൽ എന്ത് നിയമ നടപടിയുണ്ടായാലും അത് നേരിടും. ബാലാവകാശ കമ്മീഷൻ എവിടെപ്പോയി. കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ ഓടിയെത്തിയിരുന്നല്ലോ എന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.