കണ്ണൂരിൽ സിൽവർ ലൈൻ സർവേക്കല്ല് പിഴുതെറിഞ്ഞ നിലയിൽ.

കണ്ണൂരിൽ സിൽവർ ലൈൻ സർവേക്കല്ല് പിഴുതെറിഞ്ഞ നിലയിൽ.

കണ്ണൂർ: കെ റെയിൽ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥാപിച്ച അതിരടയാളക്കല്ല് പിഴുതുമാറ്റിയ നിലയിൽ. കണ്ണൂർ മാടായിലാണ് സംഭവം. സർവേ കല്ലുകൾ പിഴുതെറിഞ്ഞുള്ള സമരം നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പ്രഖ്യാപിച്ച് മണിക്കൂറുകൾ ശേഷമാണ് ഈ സംഭവമെന്നത് ശ്രദ്ധേയമാണ്.

കണ്ണൂർ ജില്ലയിലെ പഴയങ്ങാടി പോലീസ് സ്റ്റേഷനിലുള്ള മാടായിപ്പാറയിലാണ് കെ. റെയിലിന്റെ അഞ്ച് കല്ലുകൾ പിഴിതെറിഞ്ഞിരിക്കുന്നത്. മാടായി ഗവൺമെന്റ് ഗസ്റ്റ് ഹൗസിനും മാടായി ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിനും ഇടയിലുള്ള ഭാഗത്തുള്ള അഞ്ച് കല്ലുകളാണ് ഇത്തരത്തിൽ എടുത്തുമാറ്റിയത്. കെ. റെയിലിനെതിരെ അതിശക്തമായ പ്രതിഷേധം ഉയർന്ന പ്രദേശമാണ് മാടായിപ്പാറ.

ജനുവരി 15 മുതൽ കണ്ണൂരിൽ കെ റെയിൽ പരിസ്ഥിതി ആഘാത പഠനം നടത്താനിരിക്കെയാണ് ഇത്തരത്തിലൊരു പ്രതിഷേധം ഉണ്ടായിരിക്കുന്നത്.

അതേസമയം സംഭവവുമായി കോൺഗ്രസ് പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് കെ. സുധാകരൻ പ്രതികരിച്ചു. തന്റെ ആഹ്വാനപ്രകാരമുള്ള പിഴുതെറിയലല്ല ഇത്. കോൺഗ്രസ് മുൻകൂട്ടി പ്രഖ്യാപിച്ച ശേഷമായിരിക്കും ഇത്തരത്തിലുള്ള പ്രതിഷേധം നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.