മുസ്ലീം യുവാവുമായി കുടുംബക്കാരുടെ സമ്മത പ്രകാരം ഉറപ്പിച്ച വിവാഹം ഒഴിയണമെന്ന് സാമുദായിക നേതാക്കൾ

മുസ്ലീം യുവാവുമായി കുടുംബക്കാരുടെ സമ്മത പ്രകാരം ഉറപ്പിച്ച വിവാഹം ഒഴിയണമെന്ന് സാമുദായിക നേതാക്കൾ

മംഗലാപുരം :- മുസ്ലീം  മതവിഭാഗക്കാരനായ തന്റെ സഹപാഠിയുമായുള്ള പ്രണയബന്ധത്തിന് ഹിന്ദു  മാതാപിതാക്കൾ അംഗീകാരം നൽകിയത് 23 വയസുകാരിയായ സർജനെ സംബന്ധിച്ചിടത്തോളം ആശ്ചര്യമുണ്ടാക്കിയ കാര്യം തന്നെയായിരുന്നു. നവംബർ 23 ന് ഇവരുടെ വിവാഹം (നടത്താൻ ഇരുവരുടെയും മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. എന്നാൽ, ഈ കുടുംബങ്ങളുടെ മാത്രം സ്വകാര്യമായിരുന്ന വിവാഹ വാർത്ത വൈകാതെ പരസ്യമായി. സമൂഹ മാധ്യമങ്ങളിൽ (Social Media) ഇരുവരുടെയും വിവാഹ വാർത്ത വൈറലായി മാറിയതോടെ മറ്റൊരു മതത്തിൽപ്പെട്ടയാളെ വിവാഹം കഴിക്കുന്നത് മൂലം ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ച് പെൺകുട്ടിയെ ഉപദേശിക്കാൻ നിരവധി മതസാമുദായിക നേതാക്കൾ രംഗത്തെത്തി. ദക്ഷിണ കർണാടകയിലെ മംഗളൂരു സ്വദേശിനിയായ യുവതിയുടെ മാതാപിതാക്കളോട്, ഉയർന്ന വിദ്യാഭ്യാസം നേടിയിട്ടുള്ള മകളെ കേരളത്തിലെ കണ്ണൂർ ജില്ലയിലെ മുസ്ലീം കുടുംബത്തിലേക്ക് കല്യാണം കഴിച്ച് കൊടുക്കരുതെന്ന് ഉപദേശിക്കുകയാണ് ഹിന്ദു സാമുദായിക പ്രവർത്തകർ. എന്നാൽ, അത്തരം ഉപദേശങ്ങളെ വധുവിന്റെ കുടുംബം തള്ളിക്കളയുന്നു. വരന്റെ കുടുംബത്തെ നേരിട്ട് കാണുകയും അവർ എത്രത്തോളം സംസ്കാര സമ്പന്നരാണെന്ന് ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് സംശയത്തിന് ഇടയില്ലാത്ത വിധം അവർ പറയുന്നു. "അവർ നല്ല മനുഷ്യരാണ്. അവർക്ക് മതം സംബന്ധിച്ച പ്രശ്നങ്ങളൊന്നും ഇല്ല. ഞങ്ങളുടെ മകൾ മതപരിവർത്തനം നടത്തേണ്ടതില്ല എന്നും അവൾക്ക് തന്റേതായ മതവിശ്വാസം പിന്തുടരാമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. വരനായ ഡോ. ജാഫറും മികച്ച വ്യക്തിത്വത്തിന് ഉടമയാണ്. ഈ വിവാഹവുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല. വളരെ സന്തോഷത്തോടെ ഞങ്ങൾ മകളുടെ വിവാഹത്തിന് വേണ്ട തയ്യാറെടുപ്പുകൾ നടത്തുകയാണ്", വധുവിന്റെ അച്ഛൻ മോഹൻ പറഞ്ഞു. ഡോ. മേഘ അവരുടെ ഒരേയൊരു മകളാണ്. കണ്ണൂരിലെ പയ്യാമ്പലത്തുള്ള അറേബ്യൻ ബീച്ച് റിസോർട്ടിൽ വെച്ചാണ് വിവാഹം നടക്കാനിരുന്നത്. വധുവിനെയും കുടുംബത്തെയും ഈ വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ചില ഹിന്ദു സാമുദായിക പ്രവർത്തകർ നിരവധി തവണ ശ്രമിച്ചെങ്കിലും അവർ പരാജയപ്പെട്ടു. തുടർന്ന് ശ്രീ വജ്രദേഹി മഠത്തിലെ ശ്രീ രാജശേഖരാനന്ദ സ്വാമിജി വധുവിന്റെ കുടുംബത്തെ സന്ദർശിക്കുകയും ഡോ. മേഘയുമായും മാതാപിതാക്കളുമായും ഒരു മണിക്കൂർ നേരം സംസാരിക്കുകയും ചെയ്തു.

മറ്റൊരു മതത്തിൽപ്പെട്ട വ്യക്തിയെ വിവാഹം ചെയ്യുന്നത് മൂലം ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ച് വിശദമായി ഞങ്ങൾ അവരെ ബോധ്യപ്പെടുത്തി. സമാനമായ തെറ്റായ തീരുമാനങ്ങൾ മൂലം ദുരിതം അനുഭവിക്കേണ്ടിവന്ന നിരവധി സ്ത്രീകളുടെ ഉദാഹരണങ്ങളും ഞങ്ങൾ അവർക്ക് നൽകി. ഞങ്ങൾ പറഞ്ഞ കാര്യങ്ങളോട് അവർ യോജിക്കുന്നു എന്നാണ് തോന്നുന്നത്", ശ്രീ രാജശേഖരാനന്ദ സ്വാമിജി പ്രതികരിച്ചു.

നിലവിലെ സാഹചര്യത്തിൽ വിവാഹം മാറ്റിവെയ്ക്കാൻ ഇരു കുടുംബങ്ങളും തീരുമാനിച്ചു. വിവാഹം മറ്റൊരു ദിനത്തിൽ നടത്താനാണ് തീരുമാനം. തങ്ങളുടെ മകളുടെ ഏത് തീരുമാനത്തിനും പിന്തുണ നൽകുമെന്ന് ഡോ. മേഘയുടെ മാതാപിതാക്കൾ പറയുന്നു.