'സെലന്‍സ്‌കി ഞങ്ങളുടെ ഹീറോയാണ്', പ്രതീക്ഷയുണ്ട്; പൊരുതി ജയിക്കുമെന്ന് യുക്രൈൻ അഭയാർത്ഥികൾ

'സെലന്‍സ്‌കി ഞങ്ങളുടെ ഹീറോയാണ്', പ്രതീക്ഷയുണ്ട്; പൊരുതി ജയിക്കുമെന്ന് യുക്രൈൻ അഭയാർത്ഥികൾ

വനിതാ ദിനത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ടപ്പലായനത്തിനാണ് പോളണ്ട് (Poland)- യുക്രൈൻ(Ukraine) അതിർത്തി സാക്ഷ്യം വഹിക്കുന്നത്. പുരുഷന്മാർ യുദ്ധത്തിനിറങ്ങുമ്പോൾ സ്ത്രീകളും കുട്ടികളും എല്ലാം ഉപേക്ഷിച്ച് അതിർത്തി കടക്കുന്നു. പക്ഷേ അവർക്ക് ഒരു പ്രതീക്ഷയുണ്ട്. അതവരുടെ പ്രിയപ്പെട്ട പ്രസിഡന്റാണ്. യുക്രയിൻ പോളണ്ട് അതിർത്തിയായ മെഡിക്കയിലെ ഓരോരുത്തരും പ്രകടിപ്പിക്കുന്നത് തങ്ങളുടെ പ്രിയപ്പെട്ട പ്രസിഡന്റിനോടുള്ള സ്നേഹവും അദ്ദേഹത്തിലുള്ള പ്രതീക്ഷയുമാണ്. 

പലരും പ്രിയപ്പെട്ട കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുമെല്ലാം ഉപേക്ഷിച്ചാണ് പോളണ്ട് അടക്കമുളള അതിർത്തി രാജ്യങ്ങളിലേക്ക് അഭയാർത്ഥികളായി പോകുന്നത്. ഇനി ജീവിതമെങ്ങനെയാകുമെന്ന് നിശ്ചയമില്ലെങ്കിലും വൈകാതെ സ്വന്തം മണ്ണിൽ തിരികെയെത്താമെന്ന് അവർ കരുതുന്നു. അവരുടെ പ്രിയപ്പെട്ട പ്രസിഡന്റ് വ്യോദിമിർ സെലൻസ്കി അതിന് വേണ്ടിയാണ് പോരാടുന്നതെന്നും അവർ വിശ്വസിക്കുന്നു. വിഷമഘട്ടത്തിലും അവർ തങ്ങളുടെ പ്രസിഡന്റിനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നു. ആ വിശ്വാസം പിറന്ന മണ്ണിലേക്ക് തിരികെ വരാമെന്ന പ്രതീക്ഷ അവർക്ക് നൽകുന്നു.