കോർബേവാക്സിന് അനുമതി; 5നും 11നും ഇടയിലുള്ള കുട്ടികളുടെ വാക്സിനേഷൻ ഉടൻ

കോർബേവാക്സിന് അനുമതി; 5നും 11നും ഇടയിലുള്ള കുട്ടികളുടെ വാക്സിനേഷൻ ഉടൻ

ദില്ലി: പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളിലെ കൊവിഡ് വാക്സിനേഷൻ (Covid Vaccination) ഉടൻ തുടങ്ങിയേക്കും. അഞ്ചിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള കുട്ടികളിൽ കോർബേവാക്സിൻ്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ ഡിസിജിഐ വിദഗ്ധ സമിതി ശുപാർശ ചെയ്തു. ഇതിനിടെ രാജ്യത്ത് കൊവിഡ് കണക്കിൽ ഇന്നും നേരിയ വർധനയുണ്ടായി.

രാജ്യത്ത് പന്ത്രണ്ടിനും പതിനാലിനും ഇടയിലുള്ള കുട്ടികളിൽ നിലവിൽ കുത്തിവെക്കുന്ന വാക്സീനാണ് കോർബേവാക്സ്. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ-ഇ എന്ന സ്ഥാപനം പുറത്തിറക്കുന്ന വാക്സിന് മുതിർന്നവരിലെ അടിയന്തര ഉപയോഗത്തിനും നേരത്തെ ഡിസിജിഐ അനുമതി നൽകിയിട്ടുണ്ട്. അഞ്ചിനും പതിനൊന്നിനും ഇടയിലുള്ള കുട്ടികളിൽ കൊർബെവാക്സ് കുത്തിവെക്കാൻ അനുമതി നൽകാനുള്ള വിദഗ്ധ സമിതിയുടെ ശുപാർശ വരും ദിവസങ്ങളിൽ ഡിസിജിഐ പരിഗണിക്കും. ഡിസിജിഐ അനുമതി ലഭിച്ചാൽ ഈ പ്രായക്കാരിൽ കുത്തിവെക്കാൻ അനുമതി ലഭിക്കുന്ന ആദ്യ കൊവിഡ് വാക്സീസാനാകും കൊർബേവാക്സ്. 

ഇതിനിടെ, രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായി. 2451 പേർക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായി മൂന്നാമത്തെ ദിവസമാണ് പ്രതിദിന കൊവിഡ് കണക്ക് രണ്ടായിരത്തിന് മുകളിലെത്തുന്നത്. ദില്ലിയിൽ ഇന്നലെ 965 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വാക്സീനേഷൻ ഊർജ്ജിതമാക്കുന്നതിൻറെ ഭാഗമായി ദില്ലിയിൽ ഇന്ന് മുതൽ പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്ക് കരുതൽ ഡോസ് സൗജന്യമായി നൽകും. കരുതൽ ഡോസ് സ്വകാര്യ കേന്ദ്രങ്ങളിലൂടെയാണ് നിലവിൽ കേന്ദ്ര സർക്കാർ വിതരണം ചെയ്യുന്നത്. ഇത് ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്നത്.അതിനിടെ, തമിഴ്നാട്ടിൽ വീണ്ടും പൊതുവിടങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി. മാസ്ക് ധരിയ്ക്കാത്തവരിൽ നിന്നും 500 രൂപ പിഴ ഈടാക്കുമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. ജെ. രാധാകൃഷ്ണൻ പറഞ്ഞു.  മദ്രാസ് ഐഐടിയിൽ കൊവിഡ് വ്യാപനം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. രണ്ട് ദിവസത്തിനകം ഒരു അധ്യാപകൻ ഉൾപ്പെടെ 30 പേർക്കാണ് ഐഐടിയിൽ രോഗം സ്ഥിരീകരിച്ചത്. ഇവരെ തരമണിയിലുള്ള ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയിട്ടുണ്ട്. സമ്പർക്കത്തിലുള്ളവരും രോഗലക്ഷണങ്ങൾ ഉള്ളവരും ക്വാറന്‍റീനിലാണ്.