കോഴിയിറച്ചി വില ഇരട്ട സെഞ്ച്വറി അടിക്കുമോ; ചിക്കന്‍ വില കുതിക്കുന്നു...

കോഴിയിറച്ചി വില ഇരട്ട സെഞ്ച്വറി അടിക്കുമോ; ചിക്കന്‍ വില കുതിക്കുന്നു...

കൊച്ചി: സംസ്ഥാനത്ത് ചിക്കന്‍ വില കുതിച്ചുയരുന്നു. 170 രൂപയും കടന്ന് കുതിക്കുകയാണ് കോഴിവില. കോഴിയിറച്ചിക്ക് വില കുത്തനെ കൂടിയതോടെ (Chicken Price Hike) ചിക്കന്‍ വിഭവങ്ങളും തൊട്ടാല്‍ കൈ പൊള്ളുന്ന സ്ഥിതിയിലാണ്. ചൂടു കൂടുന്ന മാര്‍ച്ച് മാസത്തില്‍ സാധാരണ കോഴിയിറച്ചിക്ക് വില കുറയാറാണ് പതിവെങ്കിലും ഇത്തവണ വില കുതിക്കുകയാണ്. ഇങ്ങനെ പോയാല്‍ ചിക്കന്‍ വില ഇരട്ട സെഞ്ച്വറി കടുക്കുമോ എന്നാണ് ആശങ്ക.

കോഴിക്കുഞ്ഞുങ്ങളുടെ വിലയും ഇവയ്ക്കുള്ള തീറ്റയുടെ വിലയും കൂടിയതാണ് ചിക്കന് വില കൂടാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 300 രൂപയോളമാണ് ഒരു ചാക്ക് കോഴിത്തീറ്റയില്‍ കൂടിയത്. 1500 രൂപയ്ക്കുള്ളില്‍ കിട്ടിയിരുന്ന കോഴിത്തീറ്റയ്ക്ക് ഇപ്പോള്‍ ചാക്കൊന്നിന് 2500 രൂപ അടുക്കാറായി. കോഴിക്കുഞ്ഞുങ്ങളുടെ വിലയും മൂന്നിരട്ടിയോളമായി. 12-15 രൂപയ്ക്ക് കിട്ടിയിരുന്ന കോഴിക്കുഞ്ഞിന് ഇപ്പോള്‍ 40 രൂപയിലേറെ നല്‍കണം. 

ചിക്കന് വില കൂടിയതോടെ ഇറച്ചി വിഭവങ്ങള്‍ക്ക് വില കൂടുമോ എന്ന ആശങ്കയിലാണ് ജനം. വില ഇങ്ങനെ കുതിച്ച് കയറിയാല്‍ ചിക്കന്‍ വിഭവങ്ങള്‍ വാങ്ങുമ്പോള്‍ കൈ പൊള്ളും. കോഴിയിറിച്ചിക്ക് വില കൂടിയത് ഇറച്ചി വ്യാപാരികളെയും സാരമായി ബാധിച്ചിട്ടുണ്ട്. വില കൂടിയതോടെ കച്ചവടം കുത്തനെ കുറഞ്ഞെന്ന് വ്യാപാരികള്‍ പറയുന്നു.