ടെന്റിന് തീ പിടിച്ചുണ്ടായ അപകടത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മലയാളി ബി.എസ്.എഫ് ജവാന് വീരമൃത്യു

ഇടുക്കി: കാശ്മീരിൽ ടെന്റിന് തീ പിടിച്ചുണ്ടായ അപകടത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബി.എസ്.എഫ് ജവാന് വീരമൃത്യു. ഇടുക്കി കൊച്ചുകാമാഷി വടുതലകുന്നേൽ അനീഷ് ജോസഫാണ് (44) വീരമൃത്യു വരിച്ചത്. തിങ്കളാഴ്ച രാത്രി കാശ്മീർ അതിർത്തിയിലെ ബാരമുള്ളയ്ക്ക് സമീപം കാവൽ ജോലിക്കിടെയായിരുന്നു അപകടം. ടെന്റിൽ അനീഷ് ഒറ്റയ്ക്കായിരുന്നു. അർദ്ധരാത്രിയോടെ, ടെന്റിൽ ചൂട് നിലനിറുത്താൻ ഉപയോഗിക്കുന്ന മണ്ണെണ്ണ ഹീറ്റർ പൊട്ടിത്തെറിച്ച് ടെന്റിന് തീ പിടിച്ചതായാണ് നിഗമനം. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ 15 അടിയോളം താഴ്ചയിലേക്ക് അനീഷ് വീഴുകയുമായിരുന്നു. പൊള്ളലേറ്റ അനീഷിന് വീഴ്ചയിൽ തലയ്‌ക്ക് ഗുരുതര പരിക്കേറ്റു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. സി.ആർ.പി.എഫ് ഉദ്യോഗസ്ഥയാണ് അനീഷിന്റെ ഭാര്യ സീന. ഹെലന മരിയ (പ്ലസ് വൺ വിദ്യാർത്ഥിനി), അലോണ മരിയ (ആറാം ക്ലാസ് വിദ്യാർത്ഥിനി) എന്നിവർ മക്കളാണ്. ഇവർ സീനയുടെ ജോലി സ്ഥലമായ ഗുജറാത്തിലാണ് താമസം. അനീഷ് മേലേ കുപ്പച്ചാംപടി വടുതലക്കുന്നേൽ പരേതനായ ജോസഫ് ഈപ്പന്റെയും അമ്മിണിയുടെയും ഇളയ മകനാണ്. മൃതദേഹം ഇന്ന് രാവിലെ 9.30ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിക്കും. സംസ്‌കാരം പിന്നീട് കൊച്ചു കാമാക്ഷി സ്‌നേഹഗിരി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ നടക്കും. കഴിഞ്ഞ ഒക്ടോബറിലാണ് അവസാനമായി അനീഷ് നാട്ടിലെത്തിയത്. ഉടൻ സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് അനീഷിന്റെ ആകസ്മിക മരണം. കായികതാരമായിരുന്ന അനീഷ് 20 വർഷം മുമ്പാണ് ബി.എസ്.എഫിൽ ചേർന്നത്.