ചാന്‍സിലര്‍ പദവി ഒഴിയുമെന്ന് ഗവര്‍ണര്‍; അനുനയ നീക്കം തുടര്‍ന്ന് സര്‍ക്കാര്‍

ചാന്‍സിലര്‍ പദവി ഒഴിയുമെന്ന് ഗവര്‍ണര്‍; അനുനയ നീക്കം തുടര്‍ന്ന് സര്‍ക്കാര്‍

കണ്ണൂർ സർവകലാശാലാ വി.സി. നിയമനത്തിൽ തന്റെ നീതിബോധം വിട്ട് പ്രവർത്തിക്കേണ്ടി വന്നുവെന്നും എന്നാൽ, അതിനുശേഷം താൻ അങ്ങേയറ്റം അസ്വസ്ഥനാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്കയച്ച കത്തിൽ വ്യക്തമാക്കി. താൻ നിലവിലുള്ള വി.സി.ക്ക് പുനർനിയമനം നൽകിയത് വിവാദം ഒഴിവാക്കാനായിരുന്നു.

പുനർനിയമനമെന്നാൽ നിലവിലുള്ളയാൾക്ക് കാലാവധി നീട്ടിക്കൊടുക്കലല്ലെന്ന് ബോധ്യപ്പെടുത്താൻ താൻ ആവത് ശ്രമിച്ചു. തന്നോട് സംസാരിക്കാൻ മുഖ്യമന്ത്രി നിയോഗിച്ച നിയമോപദേഷ്ടാവിനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിർദേശിച്ചിരിക്കുന്ന നടപടിക്രമങ്ങൾ ഒഴിവാക്കണമെന്നല്ല പുനർനിയമനത്തിന്റെ അർഥം. എന്നാൽ, അഡ്വക്കേറ്റ് ജനറലിന്റെ (എ.ജി.) അഭിപ്രായമനുസരിച്ചാണ് പുനർനിയമനം ആവശ്യപ്പെടുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

എ.ജി.യുടേതെന്നു പറഞ്ഞ് തന്ന നിയമോപദേശത്തിൽ ആരുടെയും ഒപ്പില്ലായിരുന്നു. എ.ജി.യുടെ അഭിപ്രായമെങ്കിൽ ഒപ്പിട്ട് തരണമെന്ന് താൻ നിർദേശിച്ചു. അന്ന് വൈകീട്ടുതന്നെ അദ്ദേഹം എ.ജി.യുടെ ഒപ്പും സീലും വെച്ചുതന്നു. നിലവിലുള്ള വി.സി.ക്ക് ഇതേരീതിയിൽ പുനർനിയമനം നൽകുന്നത് നിയമവിരുദ്ധമാണെന്ന് അറിയാമായിരുന്നു. സർക്കാരുമായി ഏറ്റുമുട്ടാൻ താത്പര്യമില്ലായിരുന്നതിനാലും വിവാദം ഒഴിവാക്കാനുമാണ് നിയമന ഉത്തരവിൽ ഒപ്പിട്ടത്.

ചാൻസ്‌ലർ പദവി ഒഴിയാൻ സന്നദ്ധത അറിയിച്ച ഗവർണ്ണറെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് അനുനയ ചർച്ച നടത്തിയേക്കും. സർവകലാശാലകളിലെ രാഷ്ട്രീയകളിക്ക് കൂട്ടു നിൽക്കില്ലെന്നും മുഖ്യമന്ത്രിക്ക് തന്നെ ചാൻസ്‌ലർ പദവി ഏറ്റെടുക്കാമെന്നുമുള്ള ഗവർണ്ണറുടെ കത്ത് സർക്കാരിനെ കടുത്ത സമ്മർദ്ദത്തിൽ ആക്കുന്നതാണ്. ധാനമന്ത്രിയും ചീഫ് സെക്രട്ടറിയും നേരിട്ട് ചർച്ച നടത്തിയിട്ടും അനുനയത്തിന് ഗവർണ്ണർ തയ്യാറായിട്ടില്ല. 

കേരളത്തിലെ സർവകലാശാല ചട്ടങ്ങൾ അനുസരിച്ചു ഗവർണറാണ് ചാൻസ്‌ലർ. ഗവർണ്ണർ നിസ്സഹകരണം തുടർന്നാൽ സർക്കാരിന് വലിയ തിരിച്ചടി ഉണ്ടാക്കും. ഗവർണറുടെ കത്ത് സർക്കാരിനെതിരെ ശക്തമായ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.