സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടത്താന്‍ തീരുമാനം

സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടത്താന്‍ തീരുമാനം

ന്യൂഡല്‍ഹി: സിപിഐ എം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടത്താന്‍ തീരുമാനം. മൂന്ന് ദിവസത്തെ സിപിഐ എം കേന്ദ്രകമ്മറ്റി യോഗത്തിലാണ് കേരളത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടത്താന്‍ തീരുമാനിച്ചത്. ഇതിന് പുറമെ കേരളം, ബംഗാള്‍ ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടും കേന്ദ്രകമ്മറ്റി യോഗം അംഗീകരിച്ചു. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍, പാര്‍ലമെന്റ് സ്തംഭനം, കര്‍ഷക പ്രക്ഷോഭം ഉള്‍പ്പെടെയുള്ള വിഷയങ്ങളും കേന്ദ്രകമ്മറ്റി യോഗത്തില്‍ ചര്‍ച്ചയായി.

കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം ഒരു പതിറ്റാണ്ടാകുമ്ബോഴാണ് വീണ്ടും കേരളത്തിന്റെ വിപ്ലവ മണ്ണിലേക്ക് പാര്‍ട്ടി കോണ്‍ഗ്രസ് എത്തുന്നത്. തുടര്‍ഭരണം നേടിയ ചരിത്ര നേട്ടത്തിന് പിന്നാലെയാണ് പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടത്താനും മൂന്ന് ദിവസത്തെ സിപിഐ എം കേന്ദ്രകമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചത്.

പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങള്‍ സാധാരണ പോലെ നടത്തും. കടുത്ത കൊവിഡ് നിയന്ത്രണമുള്ള ചില സ്ഥലങ്ങളില്‍ വെര്‍ച്വല്‍ ആയി സമ്മേളനങ്ങള്‍ നടത്തും. സംസ്ഥാന സമ്മേളനങ്ങള്‍ ഒക്ടോബറില്‍ ആരംഭിക്കും. ഡല്‍ഹിയില്‍ ചേര്‍ന്ന സി പി എം കേന്ദ്ര കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.