ഏറ്റവും കൂടുതൽ തവണ വാടകയ്ക്ക് ഗർഭപാത്രം നൽകിയ സ്ത്രീ, 13 തവണ!

ഏറ്റവും കൂടുതൽ തവണ വാടകയ്ക്ക് ഗർഭപാത്രം നൽകിയ സ്ത്രീ, 13 തവണ!

ലോകത്തിൽ ഏറ്റവും കൂടുതൽ തവണ വാടകയ്ക്ക് ഗർഭപാത്രം (Surrogacy) നൽകിയ സ്ത്രീയാണ് ബ്രിട്ടണിലുള്ള കരോൾ ഹോർലോക്ക് (Carole Horlock). ആകെമൊത്തം 13 കുഞ്ഞുങ്ങളെയാണ് അവൾ പ്രസവിച്ച് നൽകിയത്. വാടക ഗർഭപാത്രത്തിലൂടെ ഏറ്റവും കൂടുതൽ തവണ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ അമ്മയെന്ന ഗിന്നസ് റെക്കോർഡും അവൾക്ക് സ്വന്തം.

ചെറുപ്പത്തിൽ തന്നെ കരോൾ വിവാഹിതയായി. 21 വയസ്സുള്ളപ്പോൾ, അവൾ ഒരു പെൺകുഞ്ഞിനെ ഗർഭം ധരിച്ചു, സ്റ്റെഫാനി. പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷം, അവൾ രണ്ടാമത്തെ മകൾക്ക് ജന്മം നൽകി, മേഗൻ. എന്നാൽ, ഭർത്താവുമായുള്ള ബന്ധം നല്ല രീതിയിൽ മുന്നോട്ട് പോയില്ല. അവൾ തന്റെ പെൺമക്കളെയും കൊണ്ട് വീട് വിട്ടിറങ്ങി. മക്കളെ പോറ്റാനായി കരോൾ ഒരു അലക്കുസ്ഥാപനത്തിൽ ജോലി ചെയ്തു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അവൾ പാടുപെട്ടു. 

1995 -ലാണ് വാടക ഗർഭധാരണത്തെക്കുറിച്ചുള്ള ഒരു വാർത്ത അവൾ വായിക്കുന്നത്. അക്കാലത്ത് വാടക ഗർഭധാരണം ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു. വിഷയത്തെ ചുറ്റിപ്പറ്റിയുള്ള ധാർമ്മിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നിട്ടും, അവൾ തന്റെ ഗർഭപാത്രം വാടകയ്ക്ക് നല്കാൻ തീരുമാനിച്ചു. സ്വന്തമായി ഇനി കുട്ടികൾ വേണ്ടെന്ന് അവൾ തീർച്ചപ്പെടുത്തിയിരുന്നെങ്കിലും, ഇത് വഴി മറ്റുള്ളവരെ സഹായിക്കാൻ അവൾ ആഗ്രഹിച്ചു. അങ്ങനെ അതേ വർഷം തന്നെ കരോൾ ആദ്യമായി മറ്റൊരു ദമ്പതികളുടെ കുഞ്ഞിനെ ഗർഭം ധരിച്ചു. മക്കളായ സ്റ്റെഫാനിയും മേഗനും അമ്മയുടെ തീരുമാനത്തെ പിന്തുണച്ചു.  

പിന്നീടുള്ള 24 വർഷത്തിൽ കരോൾ 13 കുട്ടികൾക്ക് ജന്മം നൽകി. അതിൽ ഇരട്ടകളും, ട്രിപ്പിൾസും ഉൾപ്പെടുന്നു. എന്നാൽ, ഇതിൽ ഏറ്റവും ദുഃഖകരമായ കാര്യം, അവർ സ്വന്തം മകനെയും അക്കൂട്ടത്തിൽ അറിയാതെ ദാനം ചെയ്തു എന്നതാണ്. അവൾ ജന്മം നൽകിയ കുട്ടികളിൽ വീണ്ടും കാണാൻ അവൾ കൊതിക്കുന്നത് അവനെ മാത്രമാണ്, ഭർത്താവ് പോളിൽ അവൾക്കുണ്ടായ സ്വന്തം മകനെ. പതിനെട്ട് വർഷങ്ങൾക്ക് മുൻപാണ് സംഭവം ഉണ്ടായത്. 

2004 -ൽ, കരോൾ ആരോഗ്യവാനായ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ജനിച്ചയുടൻ അവനെ ദമ്പതികൾക്ക് കൈമാറുകയും ചെയ്തു. എന്നാൽ ജനിച്ച് ആറാഴ്ച കഴിഞ്ഞ് കുട്ടിയുടെ ഡിഎൻഎ ടെസ്റ്റ് നടത്തിയ ദമ്പതികൾ അത്ഭുതപ്പെട്ടു. കുഞ്ഞിന് പിതാവിന്റെ ഡിഎൻഎയായിരുന്നില്ല. തുടർന്ന് കരോളിന്റെയും അവളുടെ പങ്കാളി പോളിന്റെയും ഡിഎൻഎ പരിശോധിച്ചപ്പോൾ, കുഞ്ഞ് യഥാർത്ഥത്തിൽ അവരുടേതാണെന്ന് കണ്ടെത്തി. ഭർത്താവ് പോളിന്റെ ബീജത്തിൽ നിന്നാണ് താൻ ഗർഭിണിയായതെന്നും കുട്ടി തന്റേതാണെന്നും കരോൾ മനസ്സിലാക്കി. അതായത് കരോളും പോളുമാണ് കുട്ടിയുടെ യഥാർത്ഥ മാതാപിതാക്കൾ. പക്ഷേ, അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. അത് അവളെ വല്ലാതെ വേദനിപ്പിച്ചെങ്കിലും, പിന്നെയും അവൾ തന്റെ പ്രസവങ്ങൾ തുടർന്നു.

ഒടുവിൽ 2013 -ൽ ഉയർന്ന രക്തസമ്മർദ്ദം മൂലം സിസേറിയൻ വഴി അവൾക്ക് പ്രസവിക്കേണ്ടി. ഈ പ്രായത്തിൽ ഗർഭം സുരക്ഷിതമല്ലെന്ന് ഇതോടെ ഡോക്ടർമാർ അവളെ വിലക്കി. നാൽപ്പതുകളുടെ മധ്യത്തിലുള്ള ഗർഭധാരണം അവൾക്കും ഗർഭസ്ഥ ശിശുവിനും അപകടസാധ്യത വർദ്ധിപ്പിച്ചേക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. ഇതോടെ കരോൾ ഈ പണി മതിയാക്കി. എന്നാൽ, ഇപ്പോഴും അവളുടെ ഉള്ളിൽ ഒരാഗ്രഹം മാത്രമാണ് ബാക്കി, തന്റെ മകനെ ഒരു നോക്ക് കാണുക. കുട്ടിയെ ദത്തെടുത്ത ദമ്പതികളുമായുള്ള ബന്ധം അവർക്ക് നഷ്ടമായി. കരോളിനും പോളിനും തങ്ങളുടെ കുട്ടി എവിടെപ്പോയി എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ വർഷം കുട്ടിക്ക് 18 വയസ്സ് തികയുമെന്ന് കരോൾ പറയുന്നു. "അവൻ തീർച്ചയായും എന്നെ കാണാൻ വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു" കരോൾ പറഞ്ഞു.