വിദേശത്ത് മെഡിക്കൽ ഇന്റേൺഷിപ്പ് മുടങ്ങിയവർക്ക് ഇന്ത്യയിൽ അവസരം ലഭിക്കും, യുക്രൈനിൽ നിന്നെത്തിയവർക്കും ആശ്വാസം

ദില്ലി: കൊവിഡിന്റെയും യുദ്ധത്തിന്റെയും സാഹചര്യത്തിൽ വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം (Medical Students) പൂർത്തിയാക്കാൻ സാധിക്കാതെ തിരികെയെത്തിയവർക്ക് ആശ്വാസം. ഇന്റേൺഷിപ്പ് ചെയ്യുന്നതിനിടെ മടങ്ങിയവർക്ക് ഇന്ത്യയിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ അവസരം നൽകുമെന്ന് നാഷണൽ മെഡിക്കൽ കമ്മീഷൻ അറിയിച്ചു. 

റഷ്യ (Russia)-യുക്രെയ്ൻ (Ukraine) യുദ്ധസാഹചര്യത്തിൽ ഇന്ത്യയിലേക്ക് മടങ്ങിയ എംബിബിഎസ് വിദ്യാർത്ഥികൾക്ക് 12 മാസത്തെ നിർബന്ധിത ഇന്റേൺഷിപ്പ് ഇന്ത്യയിൽ പൂർത്തിയാക്കാൻ അനുമതി നൽകുമെന്നും നാഷണൽ മെഡിക്കൽ കമ്മീഷൻ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി എൻഎംസി സർക്കുലറും പുറത്തിറക്കി. 2021 നവംബർ 18-ന് മുമ്പ് വിദേശത്ത് നിന്നും മെഡിക്കൽ ബിരുദം നേടിയവർക്കാകും അവസരം ലഭിക്കുക. എഫ് എം ജി പരീക്ഷ പാസായാൽ ഇതിനുള്ള അനുമതി നൽകും. നേരത്തെ കൊവിഡ് സാഹചര്യത്തിൽ ചൈനയിൽ നിന്നുമടക്കം വിദ്യാർത്ഥികൾ മടങ്ങിയിരുന്നു. ഈ കുട്ടികൾക്കും പുതിയ തീരുമാനത്തോടെ ഇന്ത്യയിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ അവസരം ലഭിക്കും. പഠനം തുടരാൻ ഇന്ത്യൻ സർക്കാർ ഇടപെടണമെന്ന യുക്രൈനിൽ നിന്നുള്ള വിദ്യാർത്ഥികൾ ആവശ്യമുയർത്തുന്നതിനിടെയാണ് പുതിയ തീരുമാനം.