ഭക്ഷണവും വെള്ളവുമില്ല, സ്ഥിതി മോശമാണ്', ഇടപെടണമെന്ന് കാർഖീവിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥികൾ

ഭക്ഷണവും വെള്ളവുമില്ല, സ്ഥിതി മോശമാണ്', ഇടപെടണമെന്ന് കാർഖീവിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥികൾ

ദില്ലി: യുക്രൈനിലെ (Ukraine)കാർഖീവിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾ നാടിന്റെ സുരക്ഷിതത്വത്തിലേക്ക്. ഇന്ന് രാവിലെ യുക്രൈയിനിൽ നിന്നുള്ള ഒരു വിമാനം കൂടി ദില്ലിയിൽ എത്തി. 229 പേരുമായി ഇൻഡിഗോ വിമാനമാണ് തിരികെയെത്തിയത്. കാർഖീവിൽ സ്ഥിതിഗതികൾ വളരെ മോശമാണെന്ന് തിരികെയെത്തിയ വിദ്യാർത്ഥികൾ പ്രതികരിച്ചു. 

''കാർഖീവ് അടക്കമുള്ള സ്ഥലങ്ങളിൽ നിരവധി വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുകയാണ്. പലർക്കും ഭക്ഷണവും വെള്ളവുമില്ല. അവർക്ക് അടിയന്തര സഹായം നൽകണം. അതിർത്തി കടക്കുന്നത് വരെ തങ്ങൾക്ക് ഇന്ത്യൻ എംബസിയുടെ ഒരു സഹായവും ലഭിച്ചില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. മറ്റ് രാജ്യങ്ങളിലെ എംബസികൾ വിദ്യാർത്ഥികളോട് ഒഴിയാൻ ആവശ്യപ്പെട്ടെങ്കിലും ഇന്ത്യയുടെ നിർദേശം വൈകി. ബങ്കറുകളിൽ ഭക്ഷണം പോലുമില്ലാതെ കഴിയേണ്ടി വന്നു. പഠനം പൂർത്തീകരിക്കാൻ ഇന്ത്യൻ സർക്കാർ ഇടപെടണമെന്ന ആവശ്യവും തമിഴ്നാടിൽ നിന്നുള്ള വിദ്യാർത്ഥി ഗിരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കാർഖീവിൽ വച്ച്  ഒരു സഹായവും എംബസിയിൽ നിന്ന് കിട്ടിയിരുന്നില്ലെന്ന് ദില്ലിയിലെത്തിയ മറ്റ് വിദ്യാർത്ഥികളും ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കാർഖീവിൽ ഭക്ഷണവും വെള്ളവും പോലും കിട്ടാനുണ്ടായിരുന്നില്ല. ഞങ്ങൾക്ക്  കാർഖീവിൽ നിന്ന് ട്രെയിൻ മാർഗം ലിവീവിൽ എത്താനായതോടെയാണ് രക്ഷപ്പെടാൻ കഴിഞ്ഞത്. അവിടെ നിന്ന് ടാക്സിയിലാണ് അതിർത്തി കടന്നത്. സ്വന്തം നിലയ്ക്കാണ് എല്ലാവരും അതിർത്തി കടന്നതെന്നും അത് വരെ എംബസിയുടെ സഹായമുണ്ടായിരുന്നില്ലെന്നും വിദ്യാർത്ഥികൾ ആവർത്തിച്ചു.