സോളാര്‍ പീഡന കേസ്: പി സി ജോര്‍ജ് സിബിഐക്ക് ഇന്ന് മൊഴിനല്‍കിയേക്കും

സോളാര്‍ പീഡന കേസ്: പി സി ജോര്‍ജ് സിബിഐക്ക് ഇന്ന് മൊഴിനല്‍കിയേക്കും

തിരുവനന്തപുരം: സോളാർ പീഡന കേസില്‍  പി സി ജോർജ് (p c george) ഇന്ന് സിബിഐക്ക് മൊഴി നൽകിയേക്കും.  മൊഴി നൽകാൻ ഹാജരാകാന്‍ പി സി ജോര്‍ജിന് സിബിഐ നോട്ടീസ് നൽകിയിട്ടുണ്ട്. പരാതിക്കാരി പീഡനവിവരങ്ങള്‍ തന്നോട് പറഞ്ഞിരുന്നെന്ന പി സി ജോര്‍ജിന്‍റെ വെളിപ്പെടുത്തലിലാണ് മൊഴിയെടുക്കുന്നത്. പരാതിക്കാരിയുടെ മുൻ അഭിഭാഷകനും നോട്ടീസ് നല്‍കിയിരുന്നെങ്കിലും അഭിഭാഷകന്‍ ഇന്ന് ഹാജരാകില്ല. സോളാർ പീഡനക്കേസിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ സിബിഐ ദിവസങ്ങള്‍ക്ക് മുമ്പ് തെളിവെടുപ്പ് നടത്തിയിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക പീഡന കേസിലാണ് സിബിഐ സംഘം ക്ലിഫ് ഹൗസിൽ തെളിവെടുപ്പ് നടത്തിയത്. പരാതിക്കാരിക്കൊപ്പം അഞ്ചര മണിക്കൂറാണ് ക്ലിഫ് ഹൗസിലും പരിസരത്തും തെളിവെടുപ്പ് നടത്തിയത്. 

2012 ഓഗസ്റ്റ് 19 ന് ക്ലിഫ് ഹൗസിലെത്തിയപ്പോള്‍ ഡൈനിംഗ് ഹാളിന് സമീപത്തെ അതിഥികളെ സ്വീകരിക്കുന്ന മുറിയിൽ വച്ച് ഉമ്മൻ ചാണ്ടി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി. സോളാ‍ർ തട്ടിപ്പ് കേസിലെ പ്രതി കൂടിയായ പരാതിക്കാരിയുടെ മുൻ ഭർത്താവ് പറഞ്ഞ ചില കാര്യങ്ങള്‍ അറിയിക്കാനായി വിളിച്ചു വരുത്തിയ ശേഷം മുൻ മുഖ്യമന്ത്രി പീഡിപ്പിച്ചുവെന്നാണ് മൊഴി. വീട്ടിനുള്ളിലും പരിസരത്തും പരിശോധിച്ച് സിബിഐ മഹസ്സർ തയ്യാറാക്കി. പരാതിക്കാരിയുടെയും സാക്ഷികളുടെയും മൊഴി അനുസരിച്ചാണ് സ്ഥല മഹസ്സർ തയ്യാറാക്കിയത്. ഉമ്മൻ ചാണ്ടി പീഡിപ്പിച്ചുവെന്ന പറയുന്ന മുറി ഇപ്പോള്‍  ജീവനക്കാർ താമസിക്കുന്ന മുറിയാണ്. ഉമ്മൻ ചാണ്ടിക്കെതിരായ പരാതിയിൽ കഴമ്പില്ലെന്നും തെളിവുകള്‍ കണ്ടെത്താനായില്ലെന്നുമായിരുന്നു കേസ് ആദ്യം അന്വേഷിച്ച ക്രൈം ബ്രാഞ്ചിന്‍റെ റിപ്പോർട്ട്. 

എന്നാൽ ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന സിബിഐ ഈ കേസിൽ മുന്നോട്ടുപോവുകയാണ്. നാലുവ‍ർഷം ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിന് മുമ്പാണ് ഒന്നാം പിണറായി സർക്കാർ സബിഐക്ക് കൈമാറിയത്. ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ ഉൾപ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും ബിജെപി നേതാവ് അബ്ദുള്ള കുട്ടിക്കുമെതിരെ ആറ് പീഡനക്കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. 16 പേർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതിക്കാരി സ‍ർക്കാരിന് സമീപിച്ചിരുന്നത്. മറ്റ് പത്തുപേർക്കെതിരെ കൂടി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതായി പരാക്കാരി പറയുന്നു. മൊഴിയിൽ പറയുന്ന മറ്റ് മന്ത്രി മന്ദിരങ്ങള്‍ അതിഥി മന്ദിരങ്ങള്‍ എന്നിവടങ്ങളില്‍ തെളിവ് ശേഖരിക്കാനായി സബിഐ അനുമതി ചോദിച്ചിട്ടുണ്ട്