ജോ ജോസഫിന്‍റെ വ്യാജ വീഡിയോ: യുഡിഎഫ് നേതൃത്വം ഇടപെട്ടതായി റിമാൻഡ് റിപ്പോർട്ടിലില്ല

ജോ ജോസഫിന്‍റെ വ്യാജ വീഡിയോ: യുഡിഎഫ് നേതൃത്വം ഇടപെട്ടതായി റിമാൻഡ് റിപ്പോർട്ടിലില്ല

കൊച്ചി: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്‍റെ പേരിൽ പ്രചരിപ്പിക്കപ്പെട്ട വ്യാജവീഡിയോ കേസിൽ റിമാൻഡ് റിപ്പോർട്ടിന്‍റെ വിശദാംശങ്ങൾ പുറത്ത്. യുഡിഎഫ് നേതൃത്വം വീഡിയോ പ്രചരിപ്പിക്കാൻ ഇടപെട്ടതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നില്ല. കേസിൽ അറസ്റ്റിലായ നസീർ എന്നയാളാണ് വീഡിയോയുടെ സൂത്രധാരൻ എന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവായ നൗഫൽ വീഡിയോ പ്രചരിപ്പിച്ചുവെന്നും റിമാൻഡ് റിപ്പോ‍ർട്ടിൽ വ്യക്തമാക്കുന്നുണ്ട്. റിപ്പോർട്ടിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. 

കേസിൽ അറസ്റ്റിലായ നൗഫൽ എന്ന യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവാണ് വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചത് എന്നാണ് റിമാൻഡ് റിപ്പോർട്ട് പറയുന്നത്. പ്രാദേശിക യുഡിഎഫ് വാട്സാപ്പ് ഗ്രൂപ്പുകളിൽ നൗഫൽ വീഡിയോ പ്രചരിപ്പിച്ചു. അരൂക്കുറ്റിയുടെ ശബ്ദം എന്ന എഫ്ബി പേജ് വഴിയും ഗീതാ തോമസ് എന്ന ഫേക്ക് പ്രൊഫൈൽ വഴിയും ഇയാൾ വീഡിയോ ഷെയർ ചെയ്തു. 

നൗഫലിന്‍റെ ശബ്ദരേഖകൾ വിശദമായി പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. ലീഗ് അനുഭാവിയായ, പോളിംഗ് ദിനം തന്നെ കോയമ്പത്തൂരിൽ നിന്ന് അറസ്റ്റിലായ മലപ്പുറം കോട്ടക്കുന്ന് ഇന്ത്യന്നൂർ സ്വദേശി അബ്ദുൾ ലത്തീഫിന് വീഡിയോ നൽകിയത് നൗഫലാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. നൗഫലിന് ഈ വീഡിയോ കിട്ടിയത് വിദേശത്ത് നിന്നാണ് എന്ന് കണ്ടെത്തിയിരിക്കുന്നത്. നസീർ, അബ്ദുൾ ലത്തീഫ്, നൗഫൽ എന്നീ പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. അബ്ദുൾ ലത്തീഫിനെയും നൗഫലിനെയും നസീറിനെയും പതിനാല് ദിവസത്തേക്ക് ഇന്നലെ കാക്കനാട് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരുന്നു. ഐടി ആക്ടിലെ 67 എ, ജനപ്രാധിനിധ്യ നിയമത്തിലെ 123 നാല് തുടങ്ങിയ വകുപ്പുകളാണ് മൂന്ന് പേർക്കും എതിരെ ചുമത്തിയത്.

ഈ മൂന്ന് അറസ്റ്റുകളല്ലാതെ പിന്നീട് കസ്റ്റഡിയോ അറസ്റ്റുകളോ ഒന്നും കേസിലുണ്ടായിട്ടില്ല. എവിടെ നിന്നാണ് ഈ വീഡിയോ ആദ്യമായി അപ്‍ലോഡ് ചെയ്തതെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. വോട്ടെടുപ്പ് കഴിഞ്ഞതോടെ ഈ കേസിലെ അന്വേഷണത്തിനും വേഗത കുറയുകയാണെന്നാണ് സൂചന. എൽഡിഎഫ് ആരോപിക്കുന്നത് പോലെ കേസിൽ യുഡിഎഫ് നേതൃത്വം ആസൂത്രണം ചെയ്ത വൻകിട ഗൂഢാലോചന എന്ന കാര്യമൊന്നും നിലവിൽ റിമാൻഡ് റിപ്പോർട്ടിലില്ല. 

കൂടുതൽ പേർക്ക് വീഡിയോ നസീറും നൗഫലും കൈമാറിയിട്ടുണ്ടെന്നാണ് തൃക്കാക്കര പൊലീസ് വ്യക്തമാക്കുന്നത്. എന്നാൽ കൂടുതൽ അറസ്റ്റിലേക്ക് കടന്നിട്ടില്ല. വീ‍ഡിയോ പ്രചരിപ്പിച്ചവർ അടക്കം എട്ട് പേരെയാണ് ഇതുവരെ പൊലീസ് പിടികൂടിയത്.