സി കാറ്റഗറി ജില്ലകളിലെ തിയേറ്ററുകൾ തുറക്കാമോ? ഹ‍ർജി തിങ്കളാഴ്ചത്തേക്ക് മാറ്റി

തിരുവനന്തപുരം: കൊവിഡ് (Covid) വ്യാപനത്തെത്തുടർന്ന് സി -കാറ്റഗറി  (C Category)ജില്ലകളിൽ സിനിമാ തിയേറ്ററുകൾ (Cinema Theatre)  അടച്ചിടാനുളള സർക്കാർ തീരുമാനം ചോദ്യം ചെയ്തുളള ഹ‍ർജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. നിലവിലെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ സര്‍ക്കാര്‍ ഇന്ന് യോഗം ചേരുന്നുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ച കോടതി, സര്‍ക്കാര്‍ തീരുമാനം അറിഞ്ഞ ശേഷം ഹർജി പരിഗണിക്കാമെന്ന് വ്യക്തമാക്കി. തുടര്‍ന്നാണ് തിങ്കളാഴ്ച രാവിലെ ആദ്യ കേസായി പരിഗണിക്കാന്‍ മാറ്റിയത്.  

തിയേറ്ററുകൾ തുറന്നു നൽകാനാകില്ലെന്നും അത് രോഗവ്യാപനം കൂട്ടുമെന്നും സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. അടച്ചിട്ട എസി ഹാളിനുളളിൽ രണ്ടുമണിക്കൂറിലധികം തുടർച്ചയായി ഇരിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ അപകടകരമാണെന്നാണ്  അറിയിച്ചിരിക്കുന്നത്. എന്നാൽ, മാളുകൾക്കടക്കം ഇളവ് നൽകിയ ശേഷം തിയേറ്ററുകൾ അടച്ചിട്ടത് വിവേചനപരമാണെന്നാണ് ഉടമകളുടെ നിലപാട്.

ഞായറാഴ്ചകളിൽ സിനിമാ തീയേറ്ററുകൾ അടച്ചിടണമെന്ന ഉത്തരവാണ് ഫിയോക് ഹർജിയിലൂടെ ചോദ്യം ചെയ്യുന്നത്. 50 ശതമാനം സീറ്റുകളിൽ തീയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് ഫിയോക്കിന്‍റെ പ്രധാന ആവശ്യം. ഷോപ്പിങ് മാളുകൾക്കും ബാറുകൾക്കും ഇളവനുവദിച്ച് തീയേറ്ററുകൾ അടച്ചിടാൻ നിർദ്ദേശം നൽകുന്നത് വിവേചനമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം.