അവരെന്നെ കൊല്ലും; ഞാന്‍ അവര്‍ വരാനായി കാത്തിരിക്കുകയാണ്; അവസാന പ്രതീക്ഷയും വെടിഞ്ഞ് അഫ്ഗാനിലെ ആദ്യത്തെ വനിത മേയര്‍

zarifa ghafari

അവരെന്നെ കൊല്ലും; ഞാന്‍ അവര്‍ വരാനായി കാത്തിരിക്കുകയാണ്; അവസാന പ്രതീക്ഷയും വെടിഞ്ഞ് അഫ്ഗാനിലെ ആദ്യത്തെ വനിത മേയര്‍

കാബൂള്‍: 'ഞാന്‍ അവര്‍ വരാനായി കാത്തിരിക്കുകയാണ്. എന്നെയോ എന്റെ കുടുംബത്തെയോ രക്ഷിക്കാന്‍ ആരുമില്ല. ഞാന്‍ എന്റെ കുടുംബത്തോടും ഭര്‍ത്താവിനോടുമൊപ്പം ഇരിക്കുകയാണ്. എന്നെപോലെ ഉള്ളവരുടെ അടുത്തേക്ക് അവരെത്തുകയും, എന്നെ കൊല്ലുകയും ചെയ്യും'. ഈ വാക്കുകള്‍ ലോകം കേള്‍ക്കുന്നത് അഫ്ഗാനിസ്താനില്‍ നിന്നാണ്. അഫ്ഗാനിസ്താനിലെ ആദ്യ വനിത മേയറായിരുന്ന സരിഫ ഖഫാരിയാണ് ഇത് പറയുന്നത്. അഫ്ഗാനിസ്താനിലെ ആദ്യ വനിത മേയറെന്ന വിശേഷണം താലിബാന്‍ അധികാരത്തിലേറിയതിന് പിന്നാലെ സരിഫയ്‌ക്ക് ഒരു ശാപമായി മാറിയിരിക്കുകയാണ്.

കാബൂള്‍ താലിബാന്‍ പിടിക്കുമെന്ന് ഉറപ്പായതോടെ രാഷ്‌ട്രപതി അഷ്‌റഫ് ഗാനി രാജ്യം വിട്ടു. എന്നാല്‍ തന്നെപോലെ ഉള്ളവര്‍ എവിടേക്ക് രക്ഷപെടുമെന്ന് 27കാരിയായ സരിഫ ചോദിക്കുന്നു. രാജ്യം താലിബാന്‍ പിടിച്ചേക്കില്ലെന്നും, ശുഭപ്രതീക്ഷയോടെയാണ് കാര്യങ്ങളെ കാണുന്നതെന്നുമായിരുന്നു ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സരിഫ ഒരു അന്താരാഷ്‌ട്ര മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അമേരിക്ക അഫ്ഗാന്‍ വിട്ട് പോകാനുള്ള തീരുമാനം എടുത്തതിന് പിന്നാലെയായിരുന്നു സരിഫയുടെ വാക്കുകള്‍.

മെയ്ഡന്‍ വര്‍ദക് പ്രവിശ്യയില്‍ 2018ലാണ് സരിഫ ഖഫാരി ആദ്യ മേയറായി ചുമതല ഏല്‍ക്കുന്നത്. രാജ്യത്തെ ആദ്യത്തേതും ഏറ്റവും പ്രായം കുറഞ്ഞതുമായ മേയറായിരുന്നു സരിഫ. തന്നെ പോലെ സര്‍ക്കാരില്‍ പ്രധാന സ്ഥാനം വഹിച്ച സ്ത്രീകളെ താലിബാന്‍ നോട്ടമിട്ടിട്ടുണ്ടെന്നും, അവര്‍ ഏത് നിമിഷവും തന്നെ തേടി എത്തുമെന്നും സരിഫ പറയുന്നു. നേരത്തേയും സരിഫയ്‌ക്ക് താലിബാനില്‍ നിന്നും വധഭീഷണി ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ സരിഫയുടെ പിതാവ്, ജനറല്‍ അബ്ദുള്‍ വാസി ഖഫാരിയെ തീവ്രവാദികള്‍ വെടിവച്ച്‌ കൊന്നിരുന്നു. ഇതിന് 20 ദിവസങ്ങള്‍ക്ക് ശേഷം സരിഫയ്‌ക്ക് നേരെയും വധശ്രമം നടന്നെങ്കിലും പരാജയപ്പെട്ടു.