ബാധ്യതയാകില്ല;ജനിക്കാനിരിക്കുന്ന കുട്ടിക്ക് ജാതകമെഴുതി പദ്ധതി ഇല്ലാതാക്കരുത്-ധനമന്ത്രി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി(SILVER LINE PROJECT_ സംസ്ഥാന സർക്കാരിന് നേരിട്ട് ബാധ്യതയാകില്ലെന് ധനമന്ത്രി(finance minister) കെ എൻ ബാല​ഗോപാൽ(kn balagopal). പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചക്ക് വഴി വയ്ക്കും. വാർത്തകളും ഗോസിപ്പുകളും ആധികാരികമായി എടുക്കേണ്ട. വിദേശ വായ്പയുടെ വിശദാംശങ്ങൾ ചർച്ച ചെയ്യേണ്ട ഘട്ടമായിട്ടില്ല. ഡി പി ആർ കേന്ദ്രം അംഗീകരിച്ച് വിദേശ വായ്പക്ക് ശുപാർശ ചെയ്തതിന് ശേഷം മാത്രം അക്കാര്യങ്ങൾ പരിഗണിക്കാം. വേഗതയേറിയ ട്രെയിനുകൾക്ക് സ്റ്റാൻഡേർഡ് ഗേജ് ആണ് അഭികാമ്യമെന്നും ധനമന്ത്രി നിയമസഭയിൽ
 പറഞ്ഞു.

ജനിക്കാനിരിക്കുന്ന കുട്ടിക്ക് ജാതകമെഴുതി പദ്ധതി ഇല്ലാതാക്കരുത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഒരു പദ്ധതിയും മുടങ്ങുന്നില്ലന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു

കടമെടുപ്പിന് ഗ്യാരണ്ടി നൽകുന്നത് സംസ്ഥാന സർക്കാരെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒന്നര ലക്ഷം കോടയിലേറെ ചെലവാകും. ഈ ബാധ്യത താങ്ങാൻ കേരളത്തിനാകില്ല. പണം തിരിച്ചു കിട്ടുമെന്നുറപ്പുള്ളവർ മാത്രമേ വായ്പ നൽകുവെന്നും പ്രതിപക്ഷ നേതവ് പറഞ്ഞു. അതേസമയം സാങ്കേതിക സാമ്പത്തിക പ്രായോഗികത പരിഗണിച്ചാണ് നടപടിയെന്നും കേരള സർക്കാർ ഗ്യാരണ്ടിയുടെ കാര്യത്തിൽ ഉറപ്പ് നൽകുമെന്നും ധനമന്ത്രി പറഞ്ഞു. അതേസമയം ഗ്യാരണ്ടി നൽകുമെന്ന ഫയലിൽ ധനമന്ത്രി ഒപ്പിട്ടിട്ടുണ്ടോ എന്ന ചെന്നിത്തലയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി ധനമന്ത്രി നൽകിയില്ല

സില്‍വര്‍ലൈനില്‍ മറ്റൊരു ബദലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ സഭയില്‍ വ്യക്തമാക്കിയിരുന്നു. പദ്ധതി സംസ്ഥാനത്തെ രണ്ടായി വിഭജിക്കുമെന്നത് അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രകൃതി ചൂഷണം പരമാവധി കുറച്ചാണ് പാത നിര്‍മ്മിക്കുകയെന്നും വിശദീകരിച്ചു. പരിസ്ഥിതിയെ കൂടി കണക്കിലെടുത്താകും പദ്ധതിയുടെ നിര്‍മ്മാണം. പദ്ധതി പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുമെന്നത് ശരിയല്ല. പ്രകൃതി വിഭവങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ പഠനം നടക്കുകയാണ്. പദ്ധതി പരിസ്ഥിതി സൗഹൃദമായി നടപ്പാക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നിലവിലുള്ള റെയിൽപാതയുടെ വികസനം സിൽവർലൈന് പകരമാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 626 വളവുകൾ നികത്തിയാൽ മാത്രമേ വേഗത കൂട്ടാനാകൂ. ഇതിന് രണ്ട് ദശാബ്ദമെങ്കിലും വേണം. സിൽവർലൈന്‍റെ മൊത്തം നീളത്തിന്‍റെ 55 ശതമാനം എം ബാങ്ക് മെന്‍റ് വേണ്ടി വരും. പക്ഷെ ഭൂരിഭാഗത്തിനും 5 മീറ്ററിൽ താഴെ മാത്രമാണ് ഉയരം. അതിവേഗ റെയിലിന്‍റെ സാധ്യതയെ കുറിച്ചുള്ള പഠനത്തിന് തുടക്കമിട്ടത് യുഡിഎഫ് സർക്കാരാണ്. ഇപ്പോഴത്ത എതിർപ്പ് എന്തിനാണെന്ന് വ്യക്തമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ പദ്ധതിയുടെ ഡിപിആർ അബദ്ധ പഞ്ചാംഗമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. ഒന്നേകാൽ ലക്ഷം കോടിയിലേറെ ചെലവുള്ള പദ്ധതിയെ കുറിച്ച് ചർച്ച ചെയ്യാൻ പോലും സക്കാർ തയ്യാറാകുന്നില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ വിമര്‍ശനം. പുതിയ നിയമസഭാംഗങ്ങൾക്കായി അടുത്ത സമ്മേളനത്തിൽ സിൽവർലൈൻ പദ്ധതി സഭയിൽ അവതരിപ്പിക്കാൻ സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്ക് തത്വത്തിൽ കേന്ദ്ര അനുമതി കിട്ടിയിട്ടുണ്ട്. സാമൂഹ്യ ആഘാത പഠനം നടത്താനുള്ള നിർദ്ദേശം പാലിക്കുകയാണെന്നും അതിനുള്ള കല്ലിടലാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം സിൽവർലൈൻ പദ്ധതിക്കെതിരെ  സംസ്ഥാനത്ത് ശക്തമായ  പ്രതിഷേധമാണ് ഉയരുന്നത്. പദ്ധതിക്കായി കല്ലിടാനെത്തുന്ന ഉദ്യോഗസ്ഥരെ തടയുന്നതും വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് തടയാനുള്ള നീക്കത്തിലേക്ക് കെ റെയിൽ നീങ്ങുന്നത്. ഇനി മുതല്‍ കല്ലിടാനെത്തുന്നതിന് മുൻപ് കെ റെയിലിന്‍റെ ഉദ്യോഗസ്ഥൻ അതാത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കത്ത് നല്‍കും. കത്തിന്‍റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി പൊലീസെത്തും. ഉദ്യോഗസ്ഥർക്ക് പൊലീസ് സംരക്ഷണം തേടി കെ റെയിൽ സർക്കാരിന് ഒരാഴ്ച്ച മുൻപാണ് കത്ത് നൽകിയത്. സുരക്ഷയൊരുക്കാൻ ഡിജിപിക്ക് പ്രത്യേക നിർദേശം നൽകണമെന്നാണ് ആവശ്യം.

ഇതിനായി കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കിൽ പദ്ധതിയുടെ പ്രവർത്തനങ്ങളെ അത് സാരമായി ബാധിക്കുമെന്നാണ് വിശദീകരണം. മാർച്ച് 31 നുള്ളിൽ കല്ലിടൽ തീർക്കാനാണ് കെ റെയിൽ ശ്രമം. കത്ത് പരിഗണിച്ച് പൊലീസ് സംരക്ഷണം നൽകാൻ ഡിജിപിക്ക് സർക്കാർ നിർദേശം നൽകാനാണ് സാധ്യത. അങ്ങനെ വന്നാൽ കെ റെയിലിനെതിരെ സമരം ചെയ്യുന്നവർക്കെതിരെ പൊലീസ് കടുത്ത നടപടികളിലേക്ക് നീങ്ങിയേക്കും. എന്നാൽ പൊലീസില്ല പട്ടാളം വന്നാലും പ്രതിഷേധം ശക്തമാക്കുമെന്ന് സിൽവർലൈൻ സമരസമിതി വ്യക്തമാക്കി.