അജ്ഞാത രോഗം: രാജസ്ഥാനിൽ ഏഴ് കുട്ടികൾ മരിച്ചു; നിരീക്ഷിച്ച് ആരോഗ്യവകുപ്പ്

അജ്ഞാത രോഗം: രാജസ്ഥാനിൽ ഏഴ് കുട്ടികൾ മരിച്ചു; നിരീക്ഷിച്ച് ആരോഗ്യവകുപ്പ്

രാജസ്ഥാനിൽ അജ്ഞാത രോഗം ബാധിച്ച് ഏഴ് കുട്ടികൾ മരിച്ചു. സിരോഹി ജില്ലയിലാണ് സംഭവം. പനി മുതൽ ചുഴലിയുടേത് പോലുള്ള ലക്ഷണങ്ങളും ഇവരിൽ പ്രകടമായതായി റിപ്പോർട്ടിൽ പറയുന്നു. അണുബാധ മൂലം ഏഴ് കുട്ടികൾ മരിച്ചതായി രാജസ്ഥാൻ ആരോഗ്യമന്ത്രി പർസാദി ലാൽ മീന അറിയിച്ചു. ശീതളപാനീയങ്ങൾ കഴിച്ചതാണ് മരണകാരണമെന്നാണ് കുട്ടികളുടെ കുടുംബം നൽകുന്ന വിവരം. 

ഗ്രാമത്തിലെ വിവിധ കടകളിൽ നിന്ന് മെഡിക്കൽ സംഘം ഈ പാനീയങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുകയും തൽക്കാലം വിൽപ്പന നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഈ കേസുകളുടെ മെഡിക്കൽ അന്വേഷണത്തിൽ മരണകാരണം വൈറൽ അണുബാധ മൂലമാണെന്നും ശീതളപാനീയങ്ങൾ കഴിച്ചതുകൊണ്ടല്ലെന്നും സംഭവത്തോട് പ്രതികരിച്ച് രാജസ്ഥാൻ ആരോഗ്യമന്ത്രി പ്രസാദി ലാൽ മീണ പറഞ്ഞു.

കളക്ടറോട് സംസാരിച്ചിട്ടുണ്ട്. ഏഴു കുട്ടികൾ മരിച്ചു. വൈറസ് ബാധ മൂലമാണ് ഈ മരണങ്ങൾ സംഭവിച്ചത്. ഗ്രാമത്തിൽ സർവേ നടത്തി. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണ വിധേയമാണ്. ജയ്പൂർ, ജോധ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങളും അവിടെ എത്തിയിട്ടുണ്ട്- ആരോഗ്യമന്ത്രി പറഞ്ഞു. 

മകൻ പുലർച്ചെ അഞ്ച് മണിയായപ്പോൾ എഴുന്നേറ്റ് വെള്ളം ചോദിച്ചു. പിന്നാലെ ചുഴലിയുടെ ലക്ഷണങ്ങൾ കാണിച്ചു. ഛർദ്ദിക്കുകയും ചെയ്തു. രാവിലെ എട്ടു മണിയോടെ മരിക്കുകയായിരുന്നു’ – അഞ്ചുവയസ്സുകാരനെ നഷ്ടപ്പെട്ട അമ്മ പറയുന്നു.  ജോധ്പുരിൽ നിന്നുമുള്ള ഡോക്ടർമാരുടെ സംഘം സ്ഥലം സന്ദർശിക്കും. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. ഇതുവരെ 300 വീടുകൾ സർവേ ചെയ്തു. 58 സാംപിളുകൾ ശേഖരിച്ച് ജയ്പുരിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്.