മണിപ്പൂരിൽ ബിജെപി തന്നെ നേടുമോ; മൂന്നാം സ്ഥാനത്തേക്ക് തള്ളി കോണ്‍ഗ്രസ്

മണിപ്പൂരിൽ ബിജെപി തന്നെ നേടുമോ; മൂന്നാം സ്ഥാനത്തേക്ക് തള്ളി കോണ്‍ഗ്രസ്

ദില്ലി: മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ (Manipur Election) ബിജെപി (BJP)  ഭരണം നിലനിർത്തുമെന്ന് സൂചനകളാണ് ആദ്യ മണിക്കൂറുകള്‍ നല്‍കുന്നത്. വോട്ടെണ്ണല്‍ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ആകെ 60 സീറ്റുകളുള്ള മണിപ്പൂരില്‍ 26 സീറ്റുകളില്‍ ലീഡ് ചെയ്ത് ബിജെപിയാണ് മുന്നില്‍ നില്‍ക്കുന്നത്. 12 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന എൻപിപിയാണ് രണ്ടാം സ്ഥാനത്ത്. 10 സീറ്റില്‍ ലീഡ് ചെയ്യുന്ന കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോയിരിക്കുകയാണ്. എൻപിഎഫ് 4 സീറ്റും മറ്റുള്ളവർ 7 സീറ്റുകളും ലീഡ് ചെയ്യുന്നു.

കോണ്‍ഗ്രസ് സ്ഥാനാർത്ഥി ഒക്രം ഇബോബി സിംഗ് തൗബൽ മണ്ഡലത്തിൽ ലീഡ് ചെയ്യുകയാണ്. മൂന്ന് തവണ മുഖ്യമന്ത്രിയായിട്ടുള്ള നേതാവാണ് ഒക്രം ഇബോബി. മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ഹെയിങ്ങഗാങ് മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. ഇതിന് പുറമെ മണിപ്പൂർ പി സി സി പ്രസിഡന്‍റ് എൻ ലോകെൻ സിംഗ്, ഉപമുഖ്യമന്ത്രി യുംനാം ജോയ് കുമാർ സിംഗ് എന്നിവരുടക്കം 173 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്.

എക്സിറ്റ് പോൾ ഫലങ്ങൾ

മണിപ്പൂരില്‍ 27 - 31 സീറ്റുകൾ വരെ നേടി ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നാണ് റിപബ്ലിക് പി മാർക് പ്രവചനം. 11- 17 സീറ്റുകൾ കോൺ​ഗ്രസിന് (Congress)  ലഭിക്കുമെന്നും റിപബ്ലിക് പി മാർക് പ്രവചിക്കുന്നു. കോണ്‍ഗ്രസ് സിപിഎം,സിപിഐ, ആര്‍എസ്പി, ജനതാദള്‍ എസ്, ഫോര്‍വേർഡ് ബ്ലോക്ക്  എന്നീ ആറ് പാര്‍ട്ടികളുടെ സഖ്യമാകും മണിപ്പൂരില്‍ ബിജെപിയെ നേരിടുക.

എൻപിപി, എൻപിഎഫ് പിന്തുണയോടെയാണ് കഴിഞ്ഞ തവണ ബിജെപി അധികാരത്തിലേറിയത്. ഇക്കുറി ആ പിന്തുണ ആവശ്യമായി വരില്ലെന്ന് എക്സിറ്റ് പോൾ പറയുന്നു. എൻ പി പി 6 - 10 വരെ സീറ്റുകൾ നേടും. ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം മണിപ്പൂരിൽ ബിജെപി 33 - 43 സീറ്റ് നേടുമെന്നാണ്. കോൺ​ഗ്രസിന് 4-8 വരെ സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരും.