കര്‍ഷകരെ വിശ്വാസത്തിലെടുക്കാന്‍ കഴിയാത്തതിനാല്‍ രാജ്യത്തെ കര്‍ഷകരോട് ക്ഷമ ചോദിച്ചൂ : മോദി

കര്‍ഷകരെ വിശ്വാസത്തിലെടുക്കാന്‍ കഴിയാത്തതിനാല്‍ രാജ്യത്തെ കര്‍ഷകരോട് ക്ഷമ ചോദിച്ചൂ : മോദി

രാജ്യത്തെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ട് വളരെ സുപ്രധാനമായ ഒരു പ്രഖ്യാപനമാണ് ഗുരുനാനാക്ക് ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്. താന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് കര്‍ഷകര്‍ക്ക് വേണ്ടിയാണെന്നും അതെല്ലാം രാജ്യത്തിന് വേണ്ടിയാണെന്നും നരേന്ദ്രമോദി പറഞ്ഞു.

ഇപ്പോഴും താന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുകയാണ്. അത് രാജ്യത്തിന്റേയും ജനങ്ങളുടേയും സ്വപ്‌നങ്ങള്‍ നിറവേറ്റാന്‍ വേണ്ടിയാണെന്നും പ്രധാനമന്ത്രി കൂട്ടിചേര്‍ത്തു. കാര്‍ഷിക നിയമത്തില്‍ ഒരു വിഭാഗം കര്‍ഷകരെ വിശ്വാസത്തിലെടുക്കാന്‍ കഴിയാത്തതിനാല്‍ രാജ്യത്തെ കര്‍ഷകരോട് ക്ഷമ ചോദിക്കുന്നതായും നരേന്ദ്രമോദി അറിയിച്ചു. 'മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നു.

ഈ മാസം ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ നടപടിക്രമങ്ങള്‍ ആരംഭിക്കും. പ്രതിഷേധം അവസാനിപ്പിച്ച്‌ കര്‍ഷകര്‍ അവരവരുടെ വീട്ടിലേക്ക് മടങ്ങി പോകണം ഒരു പുതു തുടക്കത്തിനായി .' എന്നായിരുന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച്‌ കൊണ്ട് പ്രധാനമന്ത്രി അറിയിച്ചത്. കര്‍ഷകര്‍ക്ക് ന്യായമായ നിരക്കില്‍ വിത്തുകള്‍ ലഭ്യമാക്കാനും 22 കോടി സോയിന്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്തും കേന്ദ്രം കര്‍ഷകര്‍ക്കൊപ്പമുണ്ടായിരുന്നു. അതെല്ലാം കാര്‍ഷിക രംഗത്ത് ഉണര്‍വ് പകര്‍ന്നിട്ടുണ്ടെന്നും നരേന്ദ്രമോദി കൂട്ടിചേര്‍ത്തു. 'കര്‍ഷകര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന് അര്‍ഹമായ ഫലം ലഭിക്കുമെന്ന് ഉറപ്പാക്കാന്‍, നിരവധി നടപടികള്‍ സ്വീകരിച്ചു. ഗ്രാമീണ അടിസ്ഥാന സൗകര്യ വിപണി ഞങ്ങള്‍ ശക്തിപ്പെടുത്തി. എംഎസ്പി വര്‍ധിപ്പിക്കുക മാത്രമല്ല സര്‍ക്കാര്‍ സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.' പ്രധാനമന്ത്രി പറഞ്ഞു.