ദളിത് സ്വതന്ത്ര എംഎൽഎ ജിഗ്നേഷ് മേവാനി അറസ്റ്റിൽ, കാരണം വ്യക്തമാക്കാതെ പൊലീസ്

ദളിത് സ്വതന്ത്ര എംഎൽഎ ജിഗ്നേഷ് മേവാനി അറസ്റ്റിൽ, കാരണം വ്യക്തമാക്കാതെ പൊലീസ്

മുംബൈ/ അഹമ്മദാബാദ്: ഗുജറാത്ത് എംഎൽഎയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയെ അസം പൊലീസ് അർദ്ധരാത്രിയിലെത്തി അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയോടെ പാലൻപൂർ സർക്യൂട്ട് ഹൗസിൽ വച്ചാണ് മേവാനിയെ അറസ്റ്റ് ചെയ്തത്. എന്താണ് അറസ്റ്റിന് കാരണമെന്ന് വ്യക്തമാക്കുകയോ എഫ്ഐആർ നൽകുകയോ ചെയ്യാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. അസം പൊലീസ് ഗുജറാത്തിലെത്തിയാണ് മേവാനിയെ അറസ്റ്റ് ചെയ്തത്. വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിൽ സംസാരിച്ചുവെന്നതാണ് നിലവിൽ മേവാനിക്കെതിരെ ചുമത്തിയ കുറ്റമെന്നാണ് സൂചന. എഫ്ഐആർ ലഭിച്ചാലേ കൃത്യം കാരണം വ്യക്തമാവൂ. 

ജിനേഷ് മേവാനിയുടെ അറസ്റ്റ് ട്വീറ്റുകളുടെ പേരിലായിരിക്കാമെന്ന് മുംബൈ ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. സമൂഹത്തിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്ന് കാട്ടി അസം സ്വദേശി അനുപ് കുമാർ ദേ എന്നയാൾ പരാതി നൽകിയിരുന്നു. ഈ ട്വീറ്റുകളുടെ പേരിലാണ് ഗുവാഹത്തി പൊലീസ് ഗുജറാത്തിലെത്തി മേവാനിയെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന.

ഇന്ന് ഗുജറാത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എത്തുന്ന ദിവസമാണ് എന്നതാണ് ശ്രദ്ധേയം. മുംബൈയിൽ വിമാനമിറങ്ങുന്ന ബോറിസ് ജോൺസൺ ഗുജറാത്തിലെത്തും. വൻവരവേൽപ്പാണ് അവിടെ ബോറിസ് ജോൺസണ് ഒരുക്കിയിരിക്കുന്നത്. വ്യവസായപ്രമുഖരടക്കമുള്ളവരുമായി ബോറിസ് ജോൺസൺ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ഇതിനിടയിലാണ് ജിഗ്നേഷ് മേവാനിയെ അസം പൊലീസെത്തി അറസ്റ്റ് ചെയ്യുന്നത്. അഹമ്മദാബാദിലേക്ക് ഇന്നലെ രാത്രി തന്നെ മേവാനിയെ കൊണ്ടുവന്നിട്ടുണ്ട്. ഇന്ന് അസമിലെ ഗുവാഹത്തിയിലേക്ക് ജിഗ്നേഷിനെ കൊണ്ടുപോകുമെന്നാണ് സൂചന. 

2021 സെപ്റ്റംബറിൽ ജിഗ്നേഷ് മേവാനി കോൺഗ്രസിന് തന്‍റെ തുറന്ന പിന്തുണ പ്രഖ്യാപിച്ചിരുന്നു. മോദി ഭരണകൂടത്തെ ശക്തമായി വിമർശിച്ചിരുന്ന മേവാനി, ദളിത് അധികാർ മഞ്ച് എന്ന പേരിലുള്ള രാഷ്ട്രീയപാർട്ടിയുടെ കൺവീനർ കൂടിയാണ്. മേവാനിയുടെ ചില ട്വീറ്റുകൾ ഈയിടെ, കൂട്ടത്തോടെ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു. 

ഗുജറാത്തിലെ വദ്ഗാം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മേവാനി. മാധ്യമപ്രവർത്തകനായിരുന്ന മേവാനി, പിന്നീട് അഭിഭാഷകവൃത്തിയിലേക്കും അവിടെ നിന്ന് രാഷ്ട്രീയത്തിലേക്കും തിരിഞ്ഞു. സ്വതന്ത്ര എംഎൽഎയാണെങ്കിലും പിന്നീട് മേവാനി കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. 

കഴിഞ്ഞ സെപ്റ്റംബറിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ ജെഎൻയുവിലെ വിദ്യാർത്ഥിനേതാവായിരുന്ന കനയ്യ കുമാർ കോൺഗ്രസിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. ഇതേ വാർത്താസമ്മേളനത്തിൽ തന്നെ ഔദ്യോഗികമായി പാർട്ടിയിൽ ചേർന്നില്ലെങ്കിലും മേവാനി കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.