'മെഗാ തിരുവാതിരയിലെ പാട്ട് പിണറായി സ്തുതിയല്ല'; വിവാദം അനാവശ്യമെന്ന് രചയിതാവ്

തിരുവനന്തപും: സിപിഎം (CPM) സമ്മേളനത്തിലെ മെഗാ തിരുവാതിരയെ (Mega Thiruvathira) ചൊല്ലിയുള്ള വിവാദങ്ങൾ അനാവശ്യമെന്ന് ഗാനരചയിതാവ് പൂവരണി കെവിടി നമ്പൂതിരി. പിണറായി സ്തുതിയല്ല വരികളിലുള്ളത്. മുഖ്യമന്ത്രി ചെയ്ത കാര്യങ്ങളാണ് വരികളിലുള്ളത്. പിണറായി വിജയനെ പുകഴ്ത്താൻ പാർട്ടി ആവശ്യപ്പെട്ടില്ല. പാർട്ടിയെ കുറിച്ച് പാട്ടെഴുതാനാണ് സിപിഎം ആവശ്യപ്പെട്ടതെന്നും പിണറായി പുകഴ്ത്താൻ നിർദ്ദേശിച്ചിരുന്നില്ലെന്നും പൂവരണി നമ്പൂതിരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായിട്ടാണ് അഞ്ഞൂറിലേറെ പേർ പങ്കെടുത്ത സമൂഹ തിരുവാതിര സിപിഎം സംഘടിപ്പിച്ചത്. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശ്ശാലയിലാണ് മെഗാ തിരുവാതിര അരങ്ങേറിയത്.  സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. കൊവിഡ് കേസുകള്‍ കുത്തനെ കൂടിയതിന് പിന്നാലെ സംസ്ഥാനത്ത് ആള്‍കൂട്ടങ്ങള്‍ നിയന്ത്രിക്കാനായി സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കുമ്പോഴാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗമടക്കം നിയന്ത്രണങ്ങള്‍ ലംഘിച്ചത്. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.