പൊലീസിനെ കുഴക്കിയ 'സിം' തന്ത്രം പൊളിഞ്ഞു; പ്രതികള്‍ ഉയോ​ഗിച്ചത് വീട്ടമ്മയുടെ രേഖകൾ

പൊലീസിനെ കുഴക്കിയ 'സിം' തന്ത്രം പൊളിഞ്ഞു; പ്രതികള്‍ ഉയോ​ഗിച്ചത് വീട്ടമ്മയുടെ രേഖകൾ

ആലപ്പുഴ: ആലപ്പുഴ ബിജെപി നേതാവ് (BJP Leader) രൺജീത്ത് വധക്കേസിൽ (Ranjith Murder) മുഖ്യപ്രതികൾ സിം കാർഡ് എടുക്കാൻ ദുരുപയോഗം ചെയ്തത് ആലപ്പുഴ പുന്നപ്രയിലെ വീട്ടമ്മയുടെ തിരിച്ചറിയൽ രേഖകൾ. കേസിൽ കുടുങ്ങുമോയെന്ന ആശങ്കയിൽ കടുത്ത മാനസിക സമ്മർദം നേരിട്ടെന്ന് വത്സല ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. മാസങ്ങൾ നീണ്ട ഗൂഢാലോചന കൊലക്ക് പിന്നിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പ്രതികളുടെ നടപടി.

കഴിഞ്ഞ ഓഗസ്റ്റിലാണ് പുന്നപ്രയിലെ ബി ആൻഡ് ബി മൊബൈൽ കടയിൽ സിം കാർഡ് എടുക്കാൻ വത്സല പോയത്. വ്യക്തത ഇല്ലെന്ന് പറഞ്ഞ് കടയുടമ മുഹമ്മദ് ബാദുഷ ഒന്നിൽ കൂടുതൽ തവണ ആദാർ വെരിഫിക്കേഷൻ നടത്തി. എന്നാൽ, ഇതെല്ലാം വത്സല അറിയുന്നത് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോഴാണ്. ഒന്നുമറിയാത്ത പുന്നപ്രയിലെ വീട്ടമ്മ മണിക്കൂറുകളോളം ചോദ്യം ചെയ്യലിന് വിധേയയായി. ഗൂഢാലോചനക്ക് പിന്നിൽ എസ്ഡിപിഐയുടെ പഞ്ചായത്ത് അംഗം സുൽഫിക്കർ ആണെന്നും വത്സല പറയുന്നു.

മുഖ്യപ്രതികൾ വ്യാജ സിം കാർഡുകൾ ഉപയോഗിച്ചതാണ് രൺജീത്ത് കേസിൽ പൊലീസിനെയും കുഴക്കിയത്.
വത്സലയുടെ പേരിൽ മാത്രമല്ല മറ്റ് പലരുടെയും പേരിൽ ഇത്തരത്തിൽ കൊലയാളി സംഘം സിം കാർഡുകൾ തരപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.