ഇളകാതെ അരൂർക്കോട്ട; അടിതെറ്റി യുഡിഎഫ് .

ഇളകാതെ അരൂർക്കോട്ട; അടിതെറ്റി യുഡിഎഫ് .

ആലപ്പുഴ ∙ കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷം വൻതോതിൽ വർധിപ്പിച്ച് ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷനിൽ എൽഡിഎഫിന്റെ മിന്നുന്ന ജയം. പോൾ ചെയ്തതിന്റെ പകുതിയിലേറെ വോട്ട് നേടിയാണ് സിപിഎമ്മിലെ അനന്തു രമേശൻ സീറ്റ് ഉറപ്പിച്ചത്. 

എൽഡിഎഫിന്റെ വമ്പൻ മേൽക്കോയ്മയിൽ ഒട്ടും ഇളക്കമുണ്ടാക്കാൻ ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷനിൽ യുഡിഎഫിനു കഴിഞ്ഞില്ല. നീണ്ട ഇടവേളയ്ക്കു ശേഷം ഷാനിമോൾ ഉസ്മാനിലൂടെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ അരൂരിൽ വിജയിച്ച യുഡിഎഫിനെ മൂന്നാമതും തളയ്ക്കാൻ എൽഡിഎഫിനു കഴിഞ്ഞു. രാഷ്ട്രീയാന്തരീക്ഷം എല്ലാ വിധത്തിലും എൽഡിഎഫിന് അനുകൂലമായിരുന്നു. അതിനു മുന്നിൽ യുഡിഎഫിന്റെ അധ്വാനം വിഫലമായി.

പുതിയ സാഹചര്യത്തിൽ മികച്ച ഭൂരിപക്ഷത്തോടെയുള്ള ജയം പ്രതീക്ഷിച്ചതു തന്നെയാണെന്നാണ് എൽഡിഎഫ് നേതാക്കൾ പറയുന്നത്. എല്ലായിടത്തും എൽഡിഎഫിന് അനുകൂലമായി രാഷ്ട്രീയ ധ്രുവീകരണം നടക്കുന്നുണ്ടെന്നും ആ മുന്നേറ്റം അരൂരിലും പ്രകടമായെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞത്. മുന്നണിയുടെ ജനസ്വാധീനം വർധിച്ചെന്നു തന്നെയാണ് ഈ ജയത്തിന്റെ അർഥം.

എൽഡിഎഫിനെ തോൽപിക്കാൻ മറ്റു രണ്ടു മുന്നണികളും വലിയ ശ്രമം നടത്തിയെന്നും അതു തങ്ങൾക്കു ഗുണകരമായെന്നുമാണ് അദ്ദേഹം പറയുന്നത്. തികഞ്ഞ രാഷ്ട്രീയ മത്സരമാണു നടന്നത്. ചെറുപ്പക്കാരനായ സ്ഥാനാർഥി എന്നതു വലിയ ഘടകമായി. പുതിയ തലമുറയ്ക്ക് എൽഡിഎഫിനോടുള്ള ആഭിമുഖ്യത്തിന്റെ സൂചന കൂടിയായി ജയത്തെ നേതാക്കൾ കാണുന്നു.

താഴെത്തട്ടിലെ സംഘടനാപരമായ ദൗർബല്യമാണു തിരിച്ചടിക്കു കാരണമായി യുഡിഎഫ് നേതാക്കൾ വിലയിരുത്തുന്നത്. പോളിങ് വർധിപ്പിക്കാനും കള്ളവോട്ട് തടയാനും കഴിഞ്ഞില്ലെന്നും മണ്ഡലം, വാർഡ് തലങ്ങളിലാണ് അതു ചെയ്യേണ്ടതെന്നും ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദ് പറഞ്ഞു. കള്ളവോട്ട് വ്യാപകമായി നടന്നു. തോറ്റതുകൊണ്ടു പറയുന്നതല്ല. അതു തടയാനുള്ള ജാഗ്രത ബന്ധപ്പെട്ട ഘടകങ്ങളിൽ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉപതിരഞ്ഞെടുപ്പിനായി വളരെ നേരത്തേ തയാറെടുപ്പു തുടങ്ങിയതാണ് യുഡിഎഫ്. കഴിയുന്നതെല്ലാം ചെയ്തെന്നു നേതാക്കൾ. രമേശ് ചെന്നിത്തലയുടെ പദയാത്ര അരൂരിലാക്കിയതും തിരഞ്ഞെടുപ്പു കൂടി കണ്ടാണ്. അതു നല്ല ചലനമുണ്ടാക്കിയെങ്കിലും പോളിങ് ബൂത്തിൽ വരെ എത്തിയില്ലെന്നാണ് അനുഭവം. സമുദായ ധ്രുവീകരണത്തിന്റെ ഗുണഫലം പ്രതീക്ഷിച്ചെങ്കിലും ഇത്തവണ അത് എതിരായിരുന്നെന്നും യുഡിഎഫ് നേതാക്കൾ പറയുന്നുണ്ട്. 

ഭൂരിപക്ഷം: 10,063. കഴിഞ്ഞതവണ ദലീമ ജോജോയുടെ ഭൂരിപക്ഷം 3498 വോട്ടായിരുന്നു.

ഇത്തവണ യുഡിഎഫിനും എൻഡിഎക്കും വോട്ടിൽ ഇടിവുണ്ടായി. യുഡിഎഫിനാണു വലിയ നഷ്ടം. കഴിഞ്ഞ തവണ 21,167 നേടി. ഇക്കുറി എണ്ണായിരത്തോളം വോട്ടിന്റെ കുറവ്. എൻഡിഎയുടെ വോട്ട് 6054ൽ നിന്നാണ് 2762 ആയത്. തപാൽ വോട്ടുകളിൽ തന്നെ മേൽക്കൈ നേടി, ഒരിക്കൽ പോലും പതറാതെയായിരുന്നു അനന്തുവിന്റെ മുന്നേറ്റം.