ഗാർഹികപീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ സ്ഥലം സിഐയ്ക്കും ഭർതൃകുടുംബത്തിനും ഭർത്താവിനുമെതിരെ ഗുരുതര ആരോപണങ്ങൾ

ആലുവയ്ക്ക് അടുത്ത് എടയപ്പുറത്താണ് യുവതിയെ ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എടയപ്പുറം കക്കാട്ടിൽ വീട്ടിൽ മോഫിയ പർവീനാണ് മരിച്ചത്. 21 വയസ്സേ മോഫിയയ്ക്ക് പ്രായമുണ്ടായിരുന്നുള്ളൂ. 

ഇന്നലെയാണ് ഭർതൃവീട്ടുകാർക്കെതിരെ പരാതി നൽകാനായി മോഫിയ ആലുവ പൊലീസ് സ്റ്റേഷനിലെത്തിയത്. ഇതിന് പിറ്റേന്ന് പുലർച്ചെ തന്നെ മോഫിയയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. മോഫിയയുടെ ഭർത്താവ് സുഹൈലിനെയും പൊലീസ് ഒത്തുതീർപ്പ് ചർച്ചയ്ക്ക് വിളിച്ചിരുന്നു. 

എൽഎൽബി വിദ്യാർത്ഥിനിയായിരുന്നു മോഫിയ. മോഫിയയുടെയും സുഹൈലിന്‍റെയും പ്രണയവിവാഹമായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ കൂടുതൽ സ്ത്രീധനം വേണമെന്ന് പറഞ്ഞ് മോഫിയയെയും കുടുംബത്തെയും ഭർതൃവീട്ടുകാർ ബുദ്ധിമുട്ടിച്ച് തുടങ്ങിയെന്നാണ് ആരോപണം. ഇതേത്തുടർന്ന് മോഫിയ സ്വന്തം വീട്ടിലേക്ക് പോന്നു. സംഭവത്തിൽ പരാതി നൽകാനായി ഇന്നലെ ആലുവ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ പൊലീസ് തന്നോട് പെരുമാറിയത് വളരെ മോശമായിട്ടാണെന്നാണ് മോഫിയ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരിക്കുന്നത്. 

രണ്ട് മാസം മുമ്പാണ് സുഹൈൽ മോഫിയയ്ക്ക് തലാഖ് ചൊല്ലി നോട്ടീസയക്കുന്നതെന്ന് കുടുംബം പറയുന്നു. ഇതോടൊപ്പം 2500 രൂപയും അയച്ചിരുന്നു. വിവാഹമോചനശേഷം മതാചാരപ്രകാരമുള്ള ഇദ്ദ ഇരിക്കാനാണ് പണം അയച്ചത്. ഇതും പരാതിയായി പൊലീസിന് നൽകിയിരുന്നതാണ്. എന്നാൽ പൊലീസ് ഗാർഹികപീഡനമടക്കം ഒരു പരാതിയും കാര്യമായി എടുത്തില്ലെന്ന് മോഫിയ പർവീണിന്‍റെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറയുന്നു. 

ഇന്നലെ സ്റ്റേഷനിലെത്തിയപ്പോൾ സിഐ മകളെ ചീത്ത വിളിച്ചു. ഇക്കാര്യം മോഫിയ ആത്മഹത്യാക്കുറിപ്പിലും എഴുതിയിട്ടുണ്ട്. എന്നാൽ ഭർത്താവിനോട് മോശമായി സംസാരിച്ചതിന് താക്കീത് നൽകുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസ് വിശദീകരണം. കടുത്ത ആരോപണങ്ങളുയർന്നതിനെത്തുടർന്ന് സ്റ്റേഷൻ സിഐയെ ചുമതലയിൽ നിന്ന് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. ആത്മഹത്യ ആലുവ ഡിവൈഎസ്പി അന്വേഷിക്കും. എന്നാൽ സിഐയെ സസ്പെൻഡ് ചെയ്യാതെ ഒരു അന്വേഷണത്തിനോടും സഹകരിക്കാനില്ലെന്നാണ് പെൺകുട്ടിയുടെ അച്ഛൻ പറയുന്നത്.