ന്യായീകരിക്കുന്നില്ല, സാഹചര്യം പരിശോധിക്കുമെന്ന് സുധാകരൻ, വിമർശിച്ച് കോടിയേരി

ന്യായീകരിക്കുന്നില്ല, സാഹചര്യം പരിശോധിക്കുമെന്ന് സുധാകരൻ, വിമർശിച്ച് കോടിയേരി

സിപിഎം നേതാക്കളായ എം എം മണിയുടെ ഒരു വിഭാഗവും എസ് രാജന്ദ്രന്റെ ഒരു വിഭാഗവും തമ്മിലുള്ള തർക്കമാണ് കൊലപാതമെന്ന പ്രചാരണം ഇടുക്കിയിൽ നിന്നുമുണ്ടെന്നും സുധാകരൻ ആരോപിച്ചു

ഇടുക്കി : എഞ്ചിനീയറിംഗ് കോളേജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിലെ എസ്എഫ്ഐ (SFI)വിദ്യാർത്ഥിയുടെ കൊലപാതകത്തെ ന്യായീകരിക്കുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ.   കൊലപാതകം കോൺഗ്രസ് രീതിയല്ലെന്നും ഏത് സാഹചര്യത്തിലാണ് സംഭവമുണ്ടായതെന്ന് പരിശോധിക്കുമെന്നും സുധാകരൻ വിശദീകരിച്ചു. നിരന്തരം കൊലപാതകവും ഭീഷണിപ്പെടുത്തലും സി.പി.എമ്മിന്റെ  രീതിയാണ്. സിപിഎം നേതാക്കളായ എം എം മണിയുടെ ഒരു വിഭാഗവും എസ് രാജന്ദ്രന്റെ ഒരു വിഭാഗവും തമ്മിലുള്ള തർക്കമാണ് കൊലപാതമെന്ന പ്രചാരണം ഇടുക്കിയിൽ നിന്നുമുണ്ടെന്നും സുധാകരൻ ആരോപിച്ചു.  ഈ ആരോപണം പരിശോധിക്കപ്പെടണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് കെഎസ് യു ജില്ലാ പ്രസിഡന്റ് ടോണി തോമസും പ്രതികരിച്ചു.  

അതേ സമയം, ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ കോൺഗ്രസിനും കെപിസിസി അധ്യക്ഷൻ കെ സുധാകരനുമെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരൻ വന്നതിന് ശേഷം സംസ്ഥാനത്ത് അക്രമ രാഷ്ട്രീയമാണുണ്ടാകുന്നതെന്ന് കോടിയേരി കുറ്റപ്പെടുത്തി. സുധാകരൻ പ്രകോപനം സൃഷ്ടിക്കുകയാണ്. ഇതുവരെ 21 പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. കേരളത്തിൽ ക്രമസമാധാനം തകർന്നുവെന്ന് വരുത്തിത്തീർക്കാനാണ് ഇപ്പോൾ കോൺഗ്രസ് ശ്രമിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. 

കണ്ണൂർ തളിപ്പറമ്പ് പാലക്കുളങ്ങര സ്വദശി ധീരജാണ് ഇടുക്കി എൻജിനീയറിംഗ് കോളജിൽ കുത്തേറ്റു മരിച്ചത്. തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിനിടയിലാണ് കുത്തേറ്റത്. ഒപ്പമുണ്ടായിരുന്ന രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കും പരുക്കേറ്റിട്ടുണ്ട്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് നിഖിൽ പൈലിയാണ് ധീരജിനെ കുത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു.

കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാവിലെ ക്യാമ്പസിനുള്ളിൽ എസ്എഫ്ഐ കെഎസ് യു പ്രവർത്തകർ തമ്മിൽ സംഘർഷവും കയ്യാങ്കളിയും ഉണ്ടായിരുന്നു. വോട്ടെടുപ്പിന് ശേഷം വിദ്യാർത്ഥികൾ ഒന്നേകാലോടെ  കോളേജിനു പുറത്തേക്ക് എത്തി. ഈ സമയം നിഖിൽ പൈലി ഉൾപ്പെടെയുള്ളവർ കവാടത്തിനു പുറത്തു നിൽക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ വീണ്ടും സംഘർഷമായി. ഇതിനിടെയിലാണ് രണ്ടു പേർക്ക് കുത്തേറ്റത്. സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ധീരജിൻറെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം നടത്തും. നാളെ രാവിലെ വിലാപയാത്രായി സ്വദേശത്തേക്ക് കൊണ്ടു പോകും. വിവിധ സ്ഥലങ്ങളിൽ പൊതു ദർശനമുണ്ടാകും.