'ഭരണം മോശമാണെന്ന് ജനം തൃക്കാക്കരയില്‍ വിധിയെഴുതി': പി കെ കുഞ്ഞാലിക്കുട്ടി

'ഭരണം മോശമാണെന്ന് ജനം തൃക്കാക്കരയില്‍ വിധിയെഴുതി': പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം:  ഭരണം മോശമാണെന്ന് ജനം തൃക്കാക്കരയില്‍ വിധിയെഴുതികഴിഞ്ഞെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഭരണത്തിന്‍റെ വിലയിരുത്തലാണ് നടക്കുന്നതെന്ന് കൊടിയേരി തന്നെയാണ് പറഞ്ഞത്. ജനം വിധിയെഴുതി കഴിഞ്ഞെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മൂന്നാം റൗണ്ട് വോട്ടെണ്ണുമ്പോള്‍ ഉമ തോമസിന്‍റെ ലീഡ് ആറായിരം കഴിഞ്ഞിരിക്കുകയാണ്. 2021 ല്‍ പി ടി തോമസ് ആറായിരത്തിലേക്ക് എത്തിയത് ഏഴാം റൗണ്ടിലാണ്. 

മികച്ച വിജയത്തിലേക്ക് കുതിക്കുകയാണ് യുഡിഎഫും ഉമാ തോമസും. വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ത‍ൃക്കാക്കര മണ്ഡലത്തിലെ കൊച്ചി നഗരമേഖലയിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. ആകെ പോൾ ചെയ്ത വോട്ടുകളിൽ കാൽഭാഗം എണ്ണി തീര്‍ന്നപ്പോൾ തന്നെ ആറായിരം വോട്ടുകളുടെ ലീഡാണ് ഉമ നേടിയത്. അഞ്ച് റൗണ്ട് വോട്ടെണ്ണൽ ബാക്കി നിൽക്കേ പി ടി തോമസിനും മുകളിലേക്ക് ഉമയുടെ ലീഡ് നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്.

കഴിഞ്ഞ തവണ മൂന്നാം റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ 3335 വോട്ടുകളുടെ ലീഡായിരുന്നു പിടിക്ക്. എന്നാൽ ഇക്കുറി മൂന്നാം റൗണ്ട് കഴിഞ്ഞപ്പോൾ ആറായിരത്തിനും മേലെ ലീഡിലേക്ക് ഉമയെത്തി. ആദ്യ റൗണ്ട് വോട്ടെണ്ണലിൽ എണ്ണിയത് യുഡിഎഫ് ശക്തികേന്ദ്രങ്ങളിലെ ബൂത്തുകളാണ് എണ്ണിയത്. ഇവിടെ തന്നെ പിടിക്കും മേലെ ലീഡ് ഉമ പിടിച്ചു. തൊട്ടുപിന്നാലെ വോട്ടിംഗ് കേന്ദ്രമായ മഹാരാജാസ് കോളേജിന് മുന്നിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ളാദ പ്രകടനം ആരംഭിച്ചു.