സമരവീര്യത്തിന് വിജയം: 15മാസം നീണ്ട കര്‍ഷക സമരം അവസാനിപ്പിച്ചു

സമരവീര്യത്തിന് വിജയം: 15മാസം നീണ്ട കര്‍ഷക സമരം അവസാനിപ്പിച്ചു

ന്യൂഡൽഹി: അന്തിമവിജയം കർഷകരുടെ സമരവീര്യത്തിനുതന്നെ. ഒന്നര വർഷത്തോളം രാജ്യത്തെ പ്രക്ഷുബ്ധമാക്കിയ കർഷക സമരത്തിന് പര്യവസാനം. വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കുകയും കർഷകരുടെ മറ്റ് ആവശ്യങ്ങൾ അംഗീകരിച്ച് രേഖമൂലം സർക്കാർ ഉറപ്പു നൽകുകയും ചെയ്തതോടെയാണ് സഹനസമരത്തിന്റെ പുതിയ ഏടുകൾ രചിച്ച ഐതിഹാസിക സമരം ഔദ്യോഗികമായി അവസാനിപ്പിക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചത്.

ഡിസംബംർ 11-മുതൽ ഡൽഹി അതിർത്തികളിൽ നിന്ന് കർഷകർ സ്വന്തം വീടുകളിലേക്ക് മടങ്ങുമെന്നും കർഷക സംഘടനകൾ അറിയിച്ചു. 'ഞങ്ങളുടെ സമരം താൽക്കാലികമായി നിർത്താൻ തീരുമാനിച്ചു. ജനുവരി 15ന് അവലോകന യോഗം ചേരും. സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ സമരം പുനരാരംഭിക്കാം' സംയുക്ത കിസാൻ മോർച്ച നേതാക്കൾ യോഗത്തിന് ശേഷം പറഞ്ഞു.

കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുക എന്നതടക്കം കാർഷിക നിയമങ്ങൾ പിൻവലിച്ചതിന് പിന്നാലെ കർഷകർ ഉയർത്തിയ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതോടെയാണ് സമരം പിൻവലിക്കാനുള്ള തീരുമാനം. അതേസമയം, താങ്ങുവില സംബന്ധിച്ചും ലഖിംപുർ വിഷയത്തിൽ കേന്ദ്രമന്ത്രിക്കെതിരായ നിലപാട് സംബന്ധിച്ചും കേന്ദ്ര സർക്കാരിൽ നിന്ന് കൂടുതൽ വ്യക്തത ലഭിക്കേണ്ട സാഹചര്യത്തിൽ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് സമരം തുടരുമെന്നാണ് കർഷക സംഘടനകൾ പറയുന്നത്. രാജ്യതലസ്ഥാന അതിർത്തികളിലെ ഉപരോധം പൂർണ്ണമായും പിൻവിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

കർഷകർ ഉന്നയിച്ചിരുന്ന ആറ് ആവശ്യങ്ങൾ:

1.കേന്ദ്രം മുന്നോട്ടുവെച്ച കരട് വൈദ്യുതി നിയമ ഭേദഗതി ബിൽ 2020/2021 പിൻവലിക്കുക.

2.സമഗ്രമായ ഉൽപാദനച്ചെലവ് അടിസ്ഥാനമാക്കിയുള്ള എംഎസ്പി എല്ലാ കാർഷിക ഉൽപന്നങ്ങൾക്കും എല്ലാ കർഷകർക്കും നിയമപരമായ അവകാശമാക്കണം.

3.ഡൽഹിയിലും സമീപ പ്രദേശങ്ങളിലും കർഷകരെ ശിക്ഷിക്കുന്നതിനുള്ള എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനിലെ വ്യവസ്ഥകൾ നീക്കംചെയ്യുക

4.ഡൽഹി, ഹരിയാണ, ചണ്ഡീഗഢ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ പ്രക്ഷോഭത്തിനിടെ രജിസ്റ്റർ ചെയ്ത ആയിരക്കണക്കിന് കർഷകർക്കെതിരെയുള്ള കേസുകൾ ഉടൻ പിൻവലിക്കുക.

5.ലഖിംപൂർ ഖേരി സംഘർഷവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ കേന്ദ്രമന്ത്രിസഭയിൽ നിന്ന് പുറത്താക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുക.

6.പ്രക്ഷോഭത്തിൽ 700 കർഷകർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കണം. മരിച്ച കർഷകരുടെ സ്മരണയ്ക്കായി സ്മാരകം നിർമിക്കാൻ സിംഘു അതിർത്തിയിൽ ഭൂമി നൽകണം